
ഡോക്ടർമാരുടെ അപര്യാപ്തത; കോട്ടയം മെഡിക്കൽ കോളേജിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ മുടങ്ങി; കാത്തിരിക്കുന്നത് പതിനേഴോളം രോഗികൾ; ദുരിതത്തിലായി ബന്ധുക്കളും
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ. ഡോക്ടർമാരുടെ കുറവാണ് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. മാസത്തിൽ ഒന്നിടവിട്ട എല്ലാ ചൊവ്വാഴ്ചകളിലുമാണ് ശസ്ത്രക്രിയ നടന്നിരുന്നത്.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങളാണ് ശസ്ത്രക്രിയ നടത്തുന്നത്. യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവാണ് പ്രതിസന്ധിയ്ക്ക് കാരണമായി പറയുന്നത്. നിലവിൽ പ്രൊഫസറും അസോസിയേറ്റ് പ്രൊഫസറും മാത്രമാണുള്ളത്. ഇതിൽ ഒരാൾ അവധിയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസം മൂന്നു ശസ്ത്രക്രിയ വരെ നടന്നിരുന്നു. എന്നാൽ ജനുവരിയ്ക്ക് ശേഷം ഒന്നുപോലുമില്ല. പരിശോധനയും കൗൺസിലിംഗുമെല്ലാം പൂർത്തിയാക്കി പതിനേഴോളം രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
ഗതികേടിലായത് രോഗികളും കൂട്ടിരിപ്പുകാരും. ”മാർച്ച് 28 നാണ് ഡേറ്റ് നൽകിയത്. എന്നാൽ ഈ തീയതിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കില്ലെന്ന് കുറച്ച് ദിവസം മുമ്പ് മെഡിക്കൽ കോളേജിൽ നിന്ന് വിളിച്ചുപറഞ്ഞു. ഡോക്ടർമാരുടെ കുറവാണ് കാരണമായി പറയുന്നത്. ഇനി എന്ന് ശസ്ത്രക്രിയ നടക്കുമെന്ന് അറിയില്ല. നാലു വർഷമായി ചികിത്സയിലാണ്”. കോട്ടയം മെഡിക്കൽ കോളേജിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന ആലപ്പുഴ സ്വദേശിയുടെ ഭാര്യയുടെ വാക്കുകളാണിത്.
ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസിന് വിധേയരാകേണ്ടതിനാൽ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നവരെല്ലാം മെഡിക്കൽ കോളേജിന് അടുത്തു വീടെടുത്ത് താമസിക്കുകയാണ്. മാസം പതിനായിരം രൂപയിലധികമാണ് വാടക. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗം പേർക്കും ബന്ധുക്കൾ തന്നെയാണ് വൃക്കദാതാക്കൾ. വർഷങ്ങളായി ചികിത്സയിലായതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണം ഇവർക്കില്ല.