
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഞങ്ങൾക്കെതിരെ ഒരു പത്രവും വാർത്തയെഴുതില്ല, പിന്നെ എന്തു സംഭവിക്കാനാണ്…! കോട്ടയം ശീമാട്ടിയിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ വിശദീകരണം തേടി തേർഡ് ഐ ന്യൂസ് ലൈവ് ശീമാട്ടി ജനറൽ മാനേജരെ വിളിച്ചപ്പോൾ ലഭിച്ച പ്രതികരണം ഇതായിരുന്നു. സംസ്ഥാനത്ത് ഒരു പത്രവും തങ്ങളുടെ പേര് വച്ച് വാർത്ത നൽകില്ല, അതുകൊണ്ടു തന്നെ എന്തു സംഭവിച്ചാലും ഒന്നുമില്ലെന്ന പണത്തിന്റെ അഹങ്കാരമാണ് ജനറൽ മാനേജർ കാട്ടിയത്. ഇത് അക്ഷരാർത്ഥത്തിൽ സാധാരണക്കാരായ സ്ത്രീകളുടെ അന്തസിനു നേരെയുള്ള വെല്ലുവിളിയാണ് എന്നതാണ് യാഥാർത്ഥ്യം. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം
ശനിയാഴ്ച ഉച്ചയോടെ ശീമാട്ടിയുടെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ അറസ്റ്റിലായ ശീമാട്ടിയിലെ ജീവനക്കാരൻ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറി(30)നെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, സംഭവത്തിൽ ശീമാട്ടിയെന്ന തുണിക്കടയിലെ ജീവനക്കാർക്കു മാത്രമല്ല, മാനേജർക്കും ബന്ധമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. സ്ഥാപനത്തിലെ ചേഞ്ച് റൂമിൽ മുൻപും ഒളിക്യാമറ വച്ചതായി പരാതി ഉയർന്നിരുന്നു. എന്നാൽ, ഈ പരാതികളെല്ലാം മാനേജ്‌മെന്റ് ഉന്നത സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർക്കുകയായിരുന്നു. പരാതി പൊലീസ് സ്റ്റേഷനിലേയ്ക്കു പോലും എത്താതെ തന്നെ തീർക്കാനുള്ള സ്വാധീനം ശീമാട്ടിയ്ക്കുണ്ടായിരുന്നു.
എന്നാൽ, ശനിയാഴ്ചയുണ്ടായ സംഭവത്തിൽ ഇരയാക്കപ്പെട്ടത് അഭിഭാഷക ദമ്പതികളായതുകൊണ്ടു തന്നെയാണ് ഇപ്പോൾ വിഷയം പരാതിയായതും കേസായതും. എന്നിട്ടു പോലും ഈ ദമ്പതിമാരെ സ്വാധീനിക്കാനും കേസ് ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി. തുടർന്ന് പരാതിക്കാരുടെ സുഹൃത്തുക്കൾ തേർഡ് ഐ ന്യൂസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞതും നടപടയിലേക്ക് നീങ്ങിയതും. ഇതു മാത്രമല്ല, ശീമാട്ടി ടെക്‌സ്റ്റൈൽസിൽ ഇത്രവലിയ ബഹളവും വിഷയവുമുണ്ടായിട്ടും ഷോറൂമിന്റെ ചുമതലയുള്ള മാനേജർ സംഭവസ്ഥലത്ത് എത്താനോ പരാതിക്കാരുമായി സംസാരിക്കാനോ തയ്യാറായില്ല. തന്റെ ഓഫിസ് മുറിയിൽ എത്തി വേണമെങ്കിൽ സംസാരിക്കാമെന്ന നിലപാടാണ് മാനേജർ സ്വീകരിച്ചത്.
ഇത്തരത്തിൽ വീഡിയോ പകർത്തുന്ന ജീവനക്കാർക്ക് വേണ്ട സഹായ സഹകരണങ്ങളുമായി മാനേജർ ഒപ്പം നിൽക്കുകയാണ് എന്നു വ്യക്തമാകുകയാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിലൂടെ. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വീഡിയോ പകർത്തുന്നതിനും, കണ്ട് ആസ്വദിക്കുന്നതിനു കൂട്ടു നിന്ന മാനേജർക്കെതിരെ കേസെടുക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ, ഉന്നത സ്വാധീനം ഉപയോഗിച്ച് കേസില്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
രാഷ്ട്രീയക്കാരും, ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസിൽ ഈ പാവം പൊലീസുകാർ എന്തു ചെയ്യാൻ. സാധാരണക്കാർക്കു നീതി ലഭിക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ഇപ്പോൾ ഉന്നത കേന്ദ്രങ്ങൾ ശീമാട്ടിയ്ക്കു വേണ്ടി നടത്തുന്നത്.







