കോട്ടയം കുമരകത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം പതിവാകുന്നു; ചക്രംപടിയിൽ ഒരു വിദ്യാർത്ഥിയെ കൂട്ടംചേർന്ന് മർദ്ദിച്ചവശനാക്കി മറ്റൊരു വിദ്യാർത്ഥിസംഘം; നാട്ടുകാർ ഇടപെട്ടതോടെ അക്രമികൾ കടന്നു കളഞ്ഞു; സ്കൂളിൽ നിന്നും തുടങ്ങിയ വാക്കുതർക്കങ്ങൾ ക്വട്ടേഷൻ നൽകി ആക്രമിക്കുന്നതിൽ വരെ എത്തിനില്ക്കുന്നു; നിരവധി തവണ പരാതിപ്പെട്ടിട്ടും വിദ്യാർത്ഥികളായതിനാൽ വിഷയത്തിൽ കണ്ണടച്ച് പൊലീസ്
കോട്ടയം : കുമരകത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം പതിവാകുന്നു. ഇന്നലെ ചക്രംപടിയിൽ ഒരു വിദ്യാർത്ഥിയെ വിദ്യാർത്ഥികളുടെ മറ്റൊരു സംഘം മർദ്ദിച്ചവശനാക്കി. അംബികാ മാർക്കറ്റിനു സമീപത്തു നിന്നും ഓട്ടോ റിക്ഷയിൽ എത്തിയ സംഘമാണ് വിദ്യാർത്ഥിയെ തല്ലിച്ചതച്ചത് .
തല്ലാനെത്തിയവരിൽ ക്വട്ടേഷൻ സംഘത്തിൽ പെട്ടവർ ഉണ്ടെന്നും ആളുമാറിയാണ് മർദ്ധിച്ചതെന്നും പറയപ്പെടുന്നു. നാട്ടുകാർ ഇടപെട്ടതോടെ സംഘത്തിലുള്ളവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും കടന്നു കളഞ്ഞു. പിടികിട്ടിയ ഒരാളെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിലേൽപ്പിച്ചെങ്കിലും പരാതിക്കാരില്ലാത്തതിനാൽ വിട്ടയച്ചു.
ദിവസങ്ങൾക്ക് മുൻപ് കുമരകം ചന്തക്കവല ഗുരുമന്ദിരത്തിന് സമീപവും ഗവ.ഹൈസ്ക്കൂളിന് മുൻവശത്തും വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥികളായതിനാൽ പോലീസും വിഷയത്തിൽ കണ്ണടക്കാറാണ് പതിവ്. സംഘർഷത്തിൽ ഉൾപ്പെടുന്ന ചില വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. അധ്യാപകരും , രക്ഷകർത്താക്കളും , നിയമപാലകരും ഈ വിഷയത്തിൽ ഇടപ്പെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.