തലയോലപ്പറമ്പിലും വിജയപുരത്തും ലൈഫ് ഭവന സമുച്ചയങ്ങൾക്ക് ശിലയിട്ടു: ജനോപകാരപ്രദമായ വികസന പദ്ധതികൾ ആരോപണങ്ങൾ ഭയന്ന് ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

തലയോലപ്പറമ്പിലും വിജയപുരത്തും ലൈഫ് ഭവന സമുച്ചയങ്ങൾക്ക് ശിലയിട്ടു: ജനോപകാരപ്രദമായ വികസന പദ്ധതികൾ ആരോപണങ്ങൾ ഭയന്ന് ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജനങ്ങൾക്ക് പ്രയോജനപ്രദമായ വികസന പദ്ധതികൾ ആരോപണങ്ങൾ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് നിർമിക്കുന്ന 29 ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവർ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് മിഷൻ നടപ്പാക്കിയത്. പൊതുജനങ്ങളിൽനിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ഇതിൻറെ ഫലമായി 226518 കുടുംബങ്ങൾക്ക് ഇതിനോടകം സ്വന്തം വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര ലക്ഷത്തോളം പേർക്കുള്ള ഭവനനിർമാണം പുരോഗമിക്കുകയാണ്. വീടില്ലാത്തവർക്ക് വാസസ്ഥലത്തിനൊപ്പം മികച്ച ജീവിത സാഹചര്യവും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മാറ്റങ്ങളുണ്ടാകുന്നത് ഇഷ്ടപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുകയും നുണപ്രചരണം നടത്തുകയും ചെയ്യുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻറെ നടപടിക്രമങ്ങൾ സുതാര്യമായിരുന്നു. ഇന്ന് നിർമാണോദ്ഘാടനം നടക്കുന്ന സമുച്ചയങ്ങൾ പൂർത്തിയാകുമ്പോൾ 1285 കുടുംബങ്ങൾക്ക് സ്വന്തം വീട് എന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുക. വിവിധ ജില്ലകളിൽ 101 ഭവനസമുച്ചയങ്ങളുടെ നിർമാണം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 12 സമുച്ചയങ്ങളുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. അശരണരായ ജനങ്ങളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിടുന്ന സർക്കാരിൻറെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തേണ്ടത്.

പദ്ധതിയുടെ മൂന്നു ഘട്ടങ്ങളിലും അപേക്ഷകരല്ലാതിരുന്നവരെ സംരക്ഷിക്കുന്നതിനായാണ് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചത്. എട്ടു ലക്ഷത്തിലധികം പേർ അപേക്ഷ നൽകി. പൂർണ്ണമായും സുതാര്യമായി ഗുണഭോക്തൃപട്ടിക തയ്യാറാക്കി ഇതിൽ അർഹരായ എല്ലാവർക്കും വീടു വച്ചു നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്ത് ലക്ഷ്യമിട്ട എല്ലാ വികസന പ്രവർത്തനങ്ങളും കോവിഡ് പ്രതിസന്ധിക്കിടയിലും തടസമില്ലാതെ പൂർത്തീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു-അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയിൽ ലൈഫ് ഭവന സമുച്ചയങ്ങൾ നിർമിക്കുന്ന തലയോലപ്പറമ്പിലും വിജയപുരത്തും ഇതോടനുബന്ധിച്ച് ചടങ്ങു നടന്നു.
തലയോലപ്പറമ്പ് സെൻറ് ജോർജ്ജ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. സി.കെ ആശ എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം അഞ്ജന ഓൺലൈനിലൂടെ സന്ദേശം നൽകി. ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.എൻ. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ പത്മ ചന്ദ്രൻ, എം.വൈ.ജയകുമാരി, വൈക്കം നഗരസഭാ ചെയർമാൻ ബിജു കണ്ണേഴത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതൻ, അഡ്വ. കെ.കെ രഞ്ജിത്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.
തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ സ്വാഗതവും സെക്രട്ടറി എസ്. സുനിൽ നന്ദിയും പറഞ്ഞു.

വിജയപുരം മാർ അപ്രേം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സിസി ബോബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എം. അഞ്ജന ഓൺലൈനിലൂടെ സന്ദേശം നൽകി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ടി ശശീന്ദ്രനാഥ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബൈജു ചെറുകോട്ടയിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ലിസമ്മ ബേബി, പഞ്ചായത്ത് സെക്രട്ടറി ടി.ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.