കോട്ടയം കാരാപ്പുഴ മാളികപ്പീടിക ചെറുകരക്കാവ്‌ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ വീണ്ടും മോഷണം; മൂന്നു ഭണ്ഡാരവുമായി മോഷ്‌ടാവ്‌ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു; പ്രദേശത്ത് രാത്രി കാലങ്ങളിൽ മോഷ്‌ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: ഇടവേളയ്‌ക്കു ശേഷം വീണ്ടും ക്ഷേത്രത്തില്‍ മോഷണം. കാരാപ്പുഴ മാളികപ്പീടിക ചെറുകരക്കാവ്‌ ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണു മോഷണം നടന്നത്‌. മൂന്നു ഭണ്ഡാരങ്ങള്‍ കവര്‍ന്നു. ഭണ്ഡാരവുമായി മോഷ്‌ടാവ്‌ രക്ഷപ്പെടുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചു.

തിങ്കള്‍ രാത്രി 11.45 നും ഇന്നലെ പുലര്‍ച്ചെ 1.07 നും ഇടയിലാണു സംഭവം. ക്ഷേത്ര മുറ്റത്ത്‌ മൂന്ന്‌ ഇടങ്ങളിലായി വച്ചിരിക്കുന്ന ഭണ്ഡാരങ്ങള്‍ ഓഫീസ്‌ മുറിയിലാണ്‌ രാത്രിയില്‍ സൂക്ഷിക്കുന്നത്‌. ഈ കെട്ടിടത്തിന്റെ ഗ്രില്ല്‌ തകര്‍ത്ത്‌ അകത്ത്‌ കടന്ന മോഷ്‌ടാവ്‌ വാതിലിന്റെ താഴ്‌ പൊളിച്ചാണ്‌ ഓഫീസ്‌ മുറിക്കുള്ളില്‍ വച്ചിരുന്ന
ഭണ്ഡാരങ്ങള്‍ കവര്‍ന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ഭണ്ഡാരങ്ങള്‍ അവിടെ വെച്ചു തന്നെ കുത്തി തുറന്നു പണമെടുത്തിട്ട്‌ ഉപേക്ഷിച്ചു. ഒരു ഭണ്ഡാരം ഇയാള്‍ സമീപത്തെ വീടിന്റെ മുറ്റത്ത്‌ കൂടി എത്തിച്ചു പുരയിടത്തില്‍ വച്ചു തല്ലിപ്പൊട്ടിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്‌. ക്ഷേത്രത്തില്‍ നിന്നു സമീപത്തെ വീടിന്റെ മുറ്റത്തു കൂടി കടന്നു പോകുന്ന ഇയാളുടെ ദൃശ്യങ്ങളാണ്‌ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്‌.

ഒരു മാസത്തിലധികമായി ഭണ്ഡാരത്തില്‍ നിന്നു കാണിക്ക എടുത്തിരുന്നില്ല. ഓണക്കാലത്ത്‌ ഭക്‌തര്‍ സമര്‍പ്പിച്ചിരുന്ന കാണിക്കയടക്കം ഭണ്ഡാരത്തില്‍ ഉണ്ടെന്ന്‌ ക്ഷേത്ര അധികൃതര്‍ പറഞ്ഞു. ക്ഷേത്ര അധികൃതര്‍ വെസ്‌റ്റ്‌ പോലീസില്‍ പരാതി നല്‍കി.

ഇടവേളയ്‌ക്കു ശേഷം ക്ഷേത്രത്തിലുണ്ടായ മോഷണം ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്‌. രണ്ടു മാസം മുമ്ബ്‌ കുമാരനല്ലൂര്‍, കൊല്ലാട്‌ മേഖലകളില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. ഈ കേസുകളില്‍ പലതിലും സി.സി.ടി.വി. ദൃശ്യങ്ങള്‍ വരെ ലഭ്യമായിട്ടും മോഷ്‌ടാക്കളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. നഗരത്തിലും ചുറ്റുവട്ടങ്ങളിലും രാത്രിയില്‍ മോഷ്‌ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായിരിക്കുകയാണെന്നും പരാതിയുണ്ട്‌.