കോട്ടയം ജനറൽ ആശുപത്രിയിലും കൊറോണ ബാധ..! വ്യാജ പ്രചാരണത്തിനു പിന്നിലെ വാസ്തവം ഇങ്ങനെ; രക്ത സാമ്പിൾ ശേഖരിച്ചത് പാലാ മുത്തോലി സ്വദേശിയുടേത്
എ.കെ ശ്രീകുമാർ
കോട്ടയം: തൃശൂരിൽ കൊറോണ ബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്താൽ യാത്ര ചെയ്ത മുത്തോലി സ്വദേശിയും നീരക്ഷണത്തിൽ. ചൈനയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ 25 വയസ് പ്രായമുള്ളയാളാണ് നിരീക്ഷണത്തിലുള്ളത്. ചൈനയിൽ വിദ്യാർത്ഥിയാണ് ഇയാളെന്നാണ് സൂചന. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ, രോഗബാധ സ്ഥിരീകരിച്ച തൃശൂർ സ്വദേശിയ്‌ക്കൊപ്പം ഒരു വിമാനത്തിൽ ഇയാൾ ഉണ്ടായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച മുത്തോലിയിലെ വീട്ടിൽ നിന്നും അതീവ സുരക്ഷയിൽ ആംബുലൻസിൽ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ച ശേഷം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്കു അയക്കുകയായിരുന്നു. രണ്ടു ദിവസത്തിനകം തന്നെ ഇയാളുടെ സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫിസ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുത്തോലിയിലെ വീട്ടിൽ എത്തിയ ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് വൈദ്യ പരിശോധനയ്ക്കു ഹാജരായിരുന്നില്ല. ആരോഗ്യ വകുപ്പ് അധികൃതർ വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം വീട്ടിൽ എത്തിയ വിവരം കണ്ടെത്തിയത്. തുടർന്ന്, വിവരം ജില്ലാ മെഡിക്കൽ ഓഫിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. എന്നാൽ, ഈ പരിശോധന ജില്ലാ ജനറൽ ആശുപത്രിയിൽ കൊറോണ ബാധിതനെ എത്തിച്ചു എന്ന രീതിയിലാണ് പ്രചരിച്ചത്. ഈ പ്രചാരണം വ്യാജമാണെന്നു മെഡിക്കൽ ഓഫിസ് അധികൃതർ അറിയിച്ചു.
ജനറൽ ആശുപത്രിയിൽ കൊറോണ ബാധ തടയാൻ ഐസലേഷൻ വാർഡ് ആരംഭിച്ചിട്ടുണ്ട്. ഡോക്ടർമാർക്കും ജീവനക്കാർക്കും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.