കോട്ടയത്ത് ശക്തമായ മഴ ; ഈരാറ്റുപേട്ട തീക്കോയിയില്‍ ഉരുള്‍പൊട്ടല്‍; പാലാ ടൗൺ വെള്ളത്തിൽ മുങ്ങി; മീനച്ചിലാർ കര കവിഞ്ഞു; പ്രളയഭീതിയിൽ ജനങ്ങൾ

കോട്ടയത്ത് ശക്തമായ മഴ ; ഈരാറ്റുപേട്ട തീക്കോയിയില്‍ ഉരുള്‍പൊട്ടല്‍; പാലാ ടൗൺ വെള്ളത്തിൽ മുങ്ങി; മീനച്ചിലാർ കര കവിഞ്ഞു; പ്രളയഭീതിയിൽ ജനങ്ങൾ

Spread the love

കോട്ടയം: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ തുടരുന്നു.മലയോരമേഖലയിലാണ് കൂടുതല്‍ നാശം വിതക്കുന്നത്.

ഈരാറ്റുപേട്ട തീക്കോയിയില്‍ ഉരുള്‍പൊട്ടി. മംഗള ഗിരി മാര്‍മല അരുവി റോഡിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായമില്ല. അതേസമയം മാര്‍മല റോഡ് തകര്‍ന്നു. പ്രദേശത്ത് മഴ തുടരുകയാണ്.

മീനച്ചിലാറ്റിൽ ജല നിരപ്പുയർന്നതോടെ പാലാ ടൗണിലും വെള്ളം കയറി തുടങ്ങി. കൊട്ടാരമറ്റം റോഡ്, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും വെള്ളം കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട പൂഞ്ഞാർ ഹൈവേ റോഡിൽ മൂന്നാനി, പനയ്ക്കപ്പാലം ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും സ്തംഭിച്ചു.
പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

മീനച്ചില്‍, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, മേഖലകളികള്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയുണ്ട്. മീനച്ചിലാര്‍, മണിമലയാര്‍, പുല്ലകയാർ, എന്നിവിടങ്ങളില്‍ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഇളംകാട്, കൂട്ടിക്കൽ മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. നടപ്പാലങ്ങൾ കുത്തൊഴുക്കിൽ ഒലിച്ചുപോയി. കോസ് വേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോവുകയും വീട്ടു സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വണ്ടൻപതാൽ, പുഞ്ചവയൽ, കുളമാക്കൽ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. കരിനിലം കവലയിലൂടെ കടന്നു പോകുന്ന ചെറിയ തോട് കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയം എരുമേലി റൂട്ടിൽ കരിനിലം ജങ്ഷനിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. എരുമേലിയിൽ മൂക്കൻപെട്ടി പാലത്തിലും വെള്ളം കയറിയിട്ടുണ്ട്.

എരുമേലി ടൗണിലെ വലിയ തോട്ടിലും കൊച്ചുതോട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പഴയിടം കോസ് വേയിൽ വെള്ളം കയറി. മണിമലയാറ്റിൽ ജലനിരപ്പുയർന്നതോടെ കടവനാൽക്കടവ് പാലത്തിന് സമീപം താമസിക്കുന്ന വിഴിക്കത്തോട്ടിൽ ഓലിക്കൽ മണിക്കുട്ടൻ്റെ വീട്ടിൽ വെള്ളം കയറി. പാലായുടെ കിഴക്കൻ പ്രദേശങ്ങളായ മൂന്നിലവ്, മേലുകാവ്, തലനാട് എന്നിവിടങ്ങളും പ്രളയഭീതിയിലാണ്. മൂന്നിലവ് സപ്ലൈകോ ഓഫിസില്‍ വെള്ളംകയറി 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു.

റവന്യൂ, പൊതുമരാമത്ത്, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ വരെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു. ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ നിരോധിച്ചിട്ടുണ്ട്.

ജില്ലയിലെ 48 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് – രണ്ട്, മേലുകാവ് – രണ്ട്, തലനാട് -ഒന്ന്, ഈരാറ്റുപേട്ട – 40, പൂഞ്ഞാർ നടുഭാഗം – ഒന്ന്, എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ രണ്ടു വീടുകൾക്കുമാണ് ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ജില്ലയിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മേച്ചാൽ ഗവ. യു.പി. സ്‌കൂൾ, മേലുകാവ് വില്ലേജിൽ കോലാനി പെന്തകോസ്ത് മിഷൻ പള്ളി ഓഡിറ്റോറിയം എന്നിവയാണ് ക്യാമ്പുകൾ. 10 കുടുംബങ്ങളിലായി 36 പേർ ക്യാമ്പുകളിലുണ്ട്.