play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഭിന്നിപ്പിനു ശ്രമിക്കുന്നത് കോൺഗ്രസ്; ഉമ്മൻചാണ്ടിയെ വെട്ടാൻ ജില്ലാ പഞ്ചായത്ത് അട്ടിമറി തന്ത്രവുമായി ഐ വിഭാഗം; ജോസ് കെ.മാണിയെ പുറത്താക്കി ഉമ്മൻചാണ്ടിയെ ദുർബലനാക്കാൻ നീക്കം

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഭിന്നിപ്പിനു ശ്രമിക്കുന്നത് കോൺഗ്രസ്; ഉമ്മൻചാണ്ടിയെ വെട്ടാൻ ജില്ലാ പഞ്ചായത്ത് അട്ടിമറി തന്ത്രവുമായി ഐ വിഭാഗം; ജോസ് കെ.മാണിയെ പുറത്താക്കി ഉമ്മൻചാണ്ടിയെ ദുർബലനാക്കാൻ നീക്കം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ സ്ഥിതി വഷളാക്കിയത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് കളികൾ എന്നു സൂചന. യുഡിഎഫിനുള്ളിൽ തർക്കം രൂക്ഷമാക്കി ജോസ് കെ.മാണിയെ പുറത്താക്കാനുള്ള നീക്കമാണ് കോൺഗ്രസ് കളിക്കുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

കേരള കോൺഗ്രസ് പാർട്ടി നേതാവായിരുന്ന കെ എം മാണിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുമായി എഴുതി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം നടക്കുന്നതെന്നാണ് ജോസ് കെ.മാണി വിഭാഗം വാദിക്കുന്നത്. ആ കരാറിന്റെ അടിസ്ഥാനത്തിൽ രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം കേരള കോൺഗ്രസിനുമാണ് ഭരണം വീതം വെച്ചിരിക്കുന്നത്. അതിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് അവസാന ഒരു വർഷം പ്രസിഡന്റ് സ്ഥാനം സെബാസ്റ്റ്യൻ കുളത്തുങ്കലിനാണ്. ഇതനുസരിച്ചാണ് ഇപ്പോൾ ജില്ലാ പഞ്ചായത്ത് ഭരണം മുന്നോട്ടു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ജോസഫ് വിഭാഗത്തെക്കൊണ്ട് ഈ അധികാരമാറ്റ വിഷയം ഉണ്ടാക്കുന്നത് കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണ് എന്ന ആരോപണാണ് ഉയരുന്നത്. കോൺഗ്രസിൽ നിലവിലുള്ള ജനകീയ നേതാവായ ഉമ്മൻചാണ്ടിയെ കേരള രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കാൻ, അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല വിഭാഗം നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നാണ് സൂചന. അതിന് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നി ബെഹനാനും ഇപ്പോൾ ചെന്നിത്തലയുടെ പക്ഷം ചേർന്നു.

അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് ന് അധികാരത്തിൽ വരണമെങ്കിൽ മധ്യകേരളത്തിൽ വലയ സ്വാധീനമുള്ള കേരള കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ കൂടെ നിർത്തണമെന്നു ഉമ്മൻചാണ്ടി കണക്കു കൂട്ടുന്നു. യുഡിഎഫിനുള്ളിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ഉമ്മൻചാണ്ടിയ്ക്കു പിൻതുണ ലഭിക്കണമെങ്കിൽ ജോസ് കെ.മാണി വിഭാഗവും മുസ്ലീം ലീഗും ഒപ്പം നിൽക്കണമെന്നും ഉമ്മൻചാണ്ടി കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിലെ വിഷയങ്ങളിൽ ചർച്ച തുടരുകയാണ് എന്ന നിലപാട് ഉമ്മൻചാണ്ടി സ്വീകരിക്കുന്നത്. ഈ നീക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയും ഉമ്മൻചാണ്ടിക്കുണ്ട്. കേരള കോൺഗ്രസിൽ ഏതു വിഭാഗത്തിനാണ് ജനപിന്തുണ ഉള്ളത് എന്നും ഉമ്മൻചാണ്ടിക്ക് അറിയാം.

ചെന്നിത്തലക്ക് അറിയാം അടുത്ത പ്രാവശ്യം സർക്കാർ ഉണ്ടാക്കാൻ ഉണ്ടാക്കാൻ അവസരം ലഭിച്ചാൽ ലീഗും ജോസ് കെ മാണി വിഭാഗവും ഉമ്മൻചാണ്ടിക്കായിരിക്കും പിന്തുണ കൊടുക്കുക എന്ന്. ഈ നീക്കത്തെ തടയുക എന്ന ലക്ഷ്യമാണ് രമേശ് ചെന്നിത്തലക്കുള്ളത്. അതിനു വേണ്ടി ഏതു വിധേനയും ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി ജോസഫിനെ കൂടെ നിർത്തുക എന്നതാണ് ചെന്നിത്തല ഗ്രൂപ്പിന്റെ ലക്ഷ്യം. അതിനുവേണ്ടി ആണ് രണ്ടാം വട്ടം വീണ്ടും ബെന്നി ബെഹനാൻ ജോസ് കെ മാണി വിഭാഗത്തിനെതിരെ പ്രസ്താവനയുമായി രംഗത്ത് വന്നത്.

ബെന്നി ബെഹനാന്റെ ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ ഓർത്തഡോക്‌സ്, യാക്കോബായ സഭാ തർക്ക വിഷയവും ഉണ്ട്. ഓർത്തഡോക്‌സ് വിഭാഗക്കാരനായ ഉമ്മൻചാണ്ടിയെ ഇനി മുഖ്യമന്ത്രി ആക്കരുത് എന്ന നിലപാടിലാണ് യാക്കോബായ വിഭാഗത്തിൽ ഉള്ള ബെന്നി ബെഹനാന്റെ നിലപാട്. അതിനുവേണ്ടി ജോസഫിനേയും ബെന്നി ബെഹനാൻ കൂട്ടു പിടിച്ചു.

ഈ ഗ്രൂപ്പുകളിയിൽ കോട്ടയത്തെ ഗ്രൂപ്പ് സമവായങ്ങൾ എല്ലാം മാറിമറിഞ്ഞു. ജയിച്ചില്ലേലും കുഴപ്പമില്ല ഭരണം കിട്ടിയില്ലേലും കുഴപ്പമില്ല എങ്ങനെയും കോട്ടയത്ത് ഒന്ന് മത്സരിക്കണം എന്നായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിലപാട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ മനുഷ്യരുടെയും മനസ്സിൽ ഇടം പിടിച്ച ഉമ്മൻചാണ്ടിക്ക് എതിരായി ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ തിരിഞ്ഞിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് ജയിച്ചാൽ അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്ന പ്രസ്താവനയോടെ ഇനിയുമൊരങ്കത്തിന് തയ്യാറാണെന്നുള്ള സൂചനയാണ് ഉമ്മൻ ചാണ്ടി ഇന്ന് നൽകിയത്. പ്രതിപക്ഷത്തിന്റെ ശോഭയില്ലാത്ത പ്രകടനത്തിൽ നിരാശരായ സാധാരണ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയെ തിരിച്ചു കൊണ്ടുവരിക കോണ്ഗ്രസിനെ രക്ഷിക്കുക എന്ന പൊതു വികാരത്തിലേക്ക് എത്തിയ പുതിയ സാഹചര്യത്തിൽ എക്കാലവും ജനപിന്തുണ ആയുധമാക്കിയ ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവിനാണ് കളം ഒരുങ്ങുന്നത്. അത് എങ്ങനെയും തടയുക എന്ന ലക്ഷ്യവുമായി ഐ ഗ്രൂപ്പും ഇറങ്ങുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിയാനാണ് സാധ്യത.