play-sharp-fill
കൊറോണയെ തോൽപ്പിച്ച് കോട്ടയം കുതിക്കുന്നു ; രണ്ടു സാമ്പിളുകള്‍ നെഗറ്റീവ്: പ്രതിരോധ നടപടികൾ വിജയം

കൊറോണയെ തോൽപ്പിച്ച് കോട്ടയം കുതിക്കുന്നു ; രണ്ടു സാമ്പിളുകള്‍ നെഗറ്റീവ്: പ്രതിരോധ നടപടികൾ വിജയം

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി  ജില്ലയില്‍നിന്ന് അയച്ച രണ്ടു സാമ്പിളുകളില്‍കൂടി വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹോം ക്വാറന്‍റയിനില്‍ കഴിയവേ മരണമടഞ്ഞവരുടെ പോസ്റ്റംമോര്‍ട്ടം സാമ്പിളുകളാണിത്.


രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്‍ടാക്ട്) കോട്ടയംകാരനായ യുവാവിന്‍റെ പിതാവിന്‍റെയും പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്ന റാന്നി സ്വദേശികളുടെ ബന്ധുവിന്‍റെയും സാമ്പിളുകളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. ഞായറാഴ്ച അഞ്ചു സാമ്പിളുകള്‍കൂടി പരിശോധനയ്ക്കയച്ചു.

പുതിയതായി 72 പേര്‍ക്കു കൂടി ആരോഗ്യവകുപ്പ് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചതോടെ പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നവരുടെ എണ്ണം ജില്ലയില്‍ 1179 ആയി. ദുബായില്‍നിന്നെത്തിയ കോട്ടയം സ്വദേശിയായ യുവാവിനെ ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥീരികരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്‍ടാക്ട്) ഒരു കുട്ടിയെയും ഒരു സെക്കന്‍ഡറി കോണ്‍ടാക്ടിനെയും ഇന്നലെ കണ്ടെത്തി. ഇതുവരെ 128 പ്രൈമറി കോണ്‍ടാക്ടുകളെയും 458 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയുമാണ് ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്.

കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി ബോധവത്കരണ പരിപാടി നടത്തി. ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയോടനുബന്ധിച്ച് വൈദ്യപരിശോധനയും സംഘടിപ്പിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ബിനുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, ജവഹര്‍ മൈഗ്രന്‍റ് പ്രോജക്ട് മാനേജര്‍ ബൈജു ജനാര്‍ദ്ദനന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി. വിനോദ്കുമാര്‍,  ഷൗക്കത്ത് അലി, കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടയത്തും ചങ്ങനാശേരിയിലും എത്തുന്ന ട്രെയിനുകളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിന്‍റെ പ്രത്യക സംഘം യാത്രക്കാരെ നേരില്‍ കണ്ട് ആരോഗ്യ സ്ഥിതി വിലയിരുത്തിത്തുടങ്ങി. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ റെയില്‍വേ സ്റ്റേഷനുകളിലെ ഹെല്‍പ്പ് ഡെസ്കില്‍ പരിശോധനയ്ക്ക് വിധേയരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ദീര്‍ഘദൂര ബസുകളിലും പരിശോധനയുണ്ട്.

ഇതിനായി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ 28 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.  റെയില്‍വേ സ്റ്റേഷനുകളില്‍ മൂന്നു ഷിഫ്റ്റുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഒരു സമയം നാലു സംഘങ്ങളാണ് ഉണ്ടാവുക.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ ഹെല്‍പ്പ് ഡെസ്കില്‍ പനി പരിശോധനയ്ക്കുള്ള തെര്‍മല്‍ സ്ക്രീനിംഗ് ഇന്നലെ ആരംഭിച്ചു. ശരീരത്തില്‍ സ്പര്‍ശിക്കാതെതന്നെ ഊഷ്മാവ് അളക്കാന്‍ കഴിയുമെന്നതാണ് ഇന്‍ഫ്രാ റെഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്‍റെ പ്രത്യേകത.

വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ കുറഞ്ഞത് പതിനാലു ദിവസം ഹോം ക്വാറന്‍റയിനില്‍ കഴിയണം. താമസത്തിനായി ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലുകളില്‍ തങ്ങിയാല്‍ മതിയാകും.  ഇവര്‍ യാതൊരു കാരണവശാലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളും ജീവനക്കാരും ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.   –