കോട്ടയം ജില്ലയിൽ നിരോധനാജ്ഞ : നാലുപേരിൽ കൂടുതൽ ഒത്തുകൂടുന്നതിന് വിലക്ക് ; ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനായി കോട്ടയം ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം നാലുപേരിൽ കൂടുതൽ ഒത്തുകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഇതനുസരിച്ച് മാർച്ച് 30 രാവിലെ ആറു മുതൽ ജില്ലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാലു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല.
കഴിഞ്ഞ ദിവസം പായിപ്പാട് ലോക്ക് ഡൗൺ ലംഘിച്ച് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ ഒത്തുകൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പായിപ്പാട് പ്രതിഷേധവുമായി ഒത്തുകൂടിയവരിൽ 2000 ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സർവ്വീസുകളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊറോണ മുൻകരുതൽ നടപടികൾക്ക് വിരുദ്ധമായി ജനങ്ങൾ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു.
ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.