ചമയ ചാരുതയിൽ പുരുഷ സുന്ദരിമാർ; കൊറ്റംകുളങ്ങരയിലെ ചമയ വിളക്കെടുക്കുന്ന അപൂർവ അനുഷ്ഠാനം; പുരുഷാഗംനമാരുടെ മഹോത്സവത്തിന്റെ ഐതീഹ്യം
സ്വന്തം ലേഖകൻ
കൊല്ലം: സ്ത്രീകളെപ്പോലും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തികവിൽ പുരുഷാംഗനമാർ നിറവിളക്കുമായി ദേവിക്ക് മുന്നിലെത്തുന്ന അപൂർവതയുണ്ട് മീനം 10-ന്റെയും 11-ന്റെയും കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ രാവുകൾക്ക്. കൊല്ലത്തിനു കരുനാഗപ്പള്ളിയ്ക്കും ഇടയില്‍ ചവറ ദേശീയപാതയോരത്തുള്ള കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ചമയവിളക്ക്, അപൂര്‍വമായൊരു അനുഷ്ഠാനവും ഉല്‍സവവുമാണ്. അഭീഷ്ട കാര്യ സിദ്ധിയ്ക്കായി പുരുഷന്മാര്‍ വ്രതം നോറ്റു പെണ്‍വേഷം കെട്ടി ദേവീപ്രീതിയ്ക്കായി വിളക്കെടുക്കുന്ന അത്യപൂര്‍വമായ ചടങ്ങ്. ക്ഷേത്രത്തിനു സമീപമുള്ള താൽക്കാലിക ചമയപ്പുരകളിൽ നിന്നും വീടുകളിൽ നിന്നും സ്ത്രീയായി വേഷപ്പകർച്ച നടത്തി ബാലന്മാർ മുതൽ വയോധികർ വരെ വിളക്കേന്താറുണ്ട്. നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പുരുഷാംഗനമാരാണ് ചമയവിളക്കിന് കൊറ്റംകുളങ്ങരയില്‍ എത്തുന്നത്.
കരിമഷിയെഴുതിയ കണ്ണിണകള്‍, അംഗനമാരെ വെല്ലുന്ന അഴക് ചമയവിളക്കെടുപ്പിന് പുരുഷാംഗനമാര്‍ അണിഞ്ഞൊരുങ്ങിയെത്തുന്നത് വിസ്മയ കാഴച തന്നെയാണ്. ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിക്കുന്ന ഭാര്യയും ആണ്‍മക്കളെ അംഗനമാരാക്കി മാറ്റുന്ന അമ്മമാരും സഹോദരന്മാരരെ ഒരുക്കുന്ന സഹോദരിമാരും ക്ഷേത്രാങ്കണത്തിലെ കൗതുക കാഴ്ച്ചയാണ്. പുരുഷന്‍മാരെ സ്ത്രീവേഷധാരികളായി ഒരുക്കുന്നതില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളവര്‍ നിരവധിയാണ്. ചമയമൊരുക്കുന്നവരില്‍ പ്രശസ്തരായ കലാകാരന്മാര്‍ വരെയുണ്ട്. ചമയവിളക്കിന്റെ രണ്ടുനാള്‍ എല്ലാ സഞ്ചാരപഥവും കൊറ്റന്‍കുളങ്ങരയിലേക്കു നീളും. സ്ത്രീവേഷമണിഞ്ഞ് വിളക്കെടുത്താല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. ആഗ്രഹപൂര്‍ത്തീകരണത്തിനായി ആണില്‍ നിന്നു പെണ്ണിലേക്കുള്ള ഒരു പരകായ പ്രവേശം.
വീട്ടില്‍ നിന്നു ഒരുങ്ങി വരുന്നവരും ചമയമിടാന്‍ മേക്കപ്പ്മാന്‍മാരെ ആശ്രയിക്കുന്നവരുമുണ്ട്. സിനിമയിലും സീരിയലിലുമൊക്കെ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ മേക്കപ്പ്മാന്‍മാരുടെ സഹായത്താല്‍ നന്നായി പണം ചെലവിട്ട് താരപരിവേഷത്തോടെ ഒരുങ്ങിയെത്തുന്നവരുമേറെ. ഒരുങ്ങാനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും കൊണ്ടുവന്നാല്‍ മതി. പിന്നെ മേക്കപ്പ്റൂമില്‍ നിന്നിറങ്ങിയാല്‍ കൂടെവന്നവര്‍ പോലും തിരിച്ചറിയില്ല !! സ്ത്രീകള്‍ പോലും അത്ഭുതത്തോടെ നോക്കിനിന്നു പോകുന്ന അംഗലാവണ്യത്തോടും ശരീരഭാഷയോടെയുമാണ് പുരുഷന്മാര്‍ വിളക്കെടുക്കാന്‍ അണിഞ്ഞൊരുങ്ങുന്നത്. അരയ്ക്കൊപ്പം ഉയരമുള്ള തടിക്കഷണത്തില്‍ ഘടിപ്പിച്ച അഞ്ചു തിരിയുള്ള വിളക്കാണ് ചമയവിളക്ക്. ദേവീപ്രീതിയ്ക്കായി ഈ വിളക്കു തെളിച്ചാണ് പുരുഷാംഗനമാര്‍ കാത്തിരിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടുസാരിയും സെറ്റും മുണ്ടും ചുരിദാറും. പിന്നെ വേഷത്തിനിണങ്ങുന്ന കമ്മല്‍, മാല , വളകൾ പോരാത്തതിനു ശൃംഗാര ഭാവത്തിലുള്ള ചിരിയും. ആണുടലുകളില്‍ പെണ്ണഴകു വിടര്‍ത്തുന്ന ചമയപ്പുരകളും ചമയവിളക്ക് വാടകയ്ക്കു കൊടുക്കുന്ന കേന്ദ്രങ്ങളും ഫോട്ടോ എടുക്കുന്ന താല്‍ക്കാലിക സ്റ്റുഡിയോകളും ഉല്‍സവ വിഭവങ്ങളുടെ കൊച്ചു കൊച്ചു കടകളും. അങ്ങനെയങ്ങനെ ഈ ദിവസങ്ങളില്‍ കൊറ്റന്‍കുളങ്ങര മറ്റൊരു ലോകമാകും.
അപൂര്‍വമായ ആചാരവൈവിധ്യം കൊണ്ടു ലോകശ്രദ്ധയിലെത്തിയ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ആചാരങ്ങളും കാഴ്ചകളും ഐതീഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അരയാലും ഇലഞ്ഞിയും കാഞ്ഞിരവും തണലൊരുക്കുന്ന അമ്ബലപരിസരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രമിരിക്കുന്ന പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നത്രേ. ഭൂതക്കുളം എന്നറിയപ്പെട്ടിരുന്ന ചിറയ്ക്കു സമീപം പുല്ലും വെള്ളവും സുലഭമായിരുന്നു. ഈ സ്ഥലത്ത് കാലിമേയ്ക്കാനെത്തിയ കുട്ടികള്‍ അടര്‍ന്നു വീണുകിട്ടിയ തേങ്ങ ചിറയുടെ ഒരു ഭാഗത്ത് ഉയര്‍ന്നു നിന്നിരുന്ന കല്ലില്‍ ഇടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. നാളികേരം കല്ലില്‍ തട്ടിയപ്പോള്‍ ശിലയില്‍ നിന്നു ചോര ഒഴുകുകയും കുട്ടികള്‍ ഭയന്നു മുതിര്‍ന്നവരെ വിവരം അറിയിക്കുകയും ചെയ്തു. നാട്ടുപ്രമാണിമാരുടെ നേതൃത്വത്തില്‍ പ്രശ്നം വയ്പിച്ചു. ശിലയില്‍ സാത്വിത ഭാവത്തിലുള്ള വനദുര്‍ഗ കുടികൊള്ളുന്നുണ്ടെന്നും നാടിന്റെ ഐശ്വര്യത്തിനായി ഇവിടെ ക്ഷേത്രം നിര്‍മിച്ചു പൂജാദി കര്‍മങ്ങള്‍ ചെയ്യണമെന്നുമായിരുന്നു പ്രശ്നവിധി. അന്നു മുതല്‍ നാളികേരം ഇടിഞ്ഞു പിഴിഞ്ഞെടുത്ത ‘ കൊറ്റന്‍’ ദേവിയ്ക്കു നിവേദ്യമായി നല്‍കിത്തുടങ്ങി. കാനനപ്രദേശമായതിനാല്‍ പെണ്‍കുട്ടികള്‍ വീ വഴി പോകാന്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ കുമാരന്മാര്‍ ബാലികമാരായി വേഷമണിഞ്ഞ് ദേവിയുടെ മുന്‍പില്‍ വിളക്കെടുത്തു തുടങ്ങി. ദേവീസാന്നിധ്യം കണ്ട ശിലയ്ക്കു ചുറ്റും കുരുത്തോല പന്തല്‍ കെട്ടി വിളക്കു വയ്ക്കുകയും ചെയ്തു. ഇതോടെയാണ് ക്ഷേത്രത്തിന്റെ പേര് ‘ കൊറ്റന്‍കുളങ്ങര’ എന്നറിയപ്പെട്ടു തുടങ്ങിയത്. വായുമണ്ഡലം മേല്‍ക്കൂരയായി സങ്കല്‍പ്പിക്കണമെന്നും മേല്‍ക്കൂര നിര്‍മിക്കരുതെന്നും ദേവപ്രശ്ന വിധി ഉണ്ടായതിനാല്‍ ഇവിടുത്തെ ക്ഷേത്രത്തിനു മേല്‍ക്കൂരയില്ല. മഞ്ഞും മഴയും വെയിലും തണുപ്പും കാറ്റുമെല്ലാം ദിവ്യമായ ഈ ശിലാവിഗ്രഹത്തില്‍ വീഴുന്നു. ശക്തിസ്വരൂപിണിയും വാല്‍സല്യനിധിയുമായ ദേവി ഭക്തരില്‍ കരുണാമൃതവര്‍ഷം ചൊരിഞ്ഞു ഇവിടെ വാണരുളുന്നു.
ആറാട്ടു കഴിഞ്ഞെത്തുന്ന ദേവി വിശ്രമിക്കുന്ന കുരുത്തോല പന്തലിനു ഒരുപാട് പ്രത്യേകതകളുണ്ട്. മണ്ണില്‍ സ്പര്‍ശിക്കാതെ മുറിച്ചെടുക്കുന്ന കമുക്, വാഴ, കുരുത്തോല എന്നിവ കയറോ, ആണിയോ ഉപയോഗിക്കാതെ പ്രത്യേക രീതിയിലാണ് ഒരുക്കിയെടുക്കുന്നത്. ഉല്‍സവത്തിനു കെട്ടുന്ന പന്തലിനുള്ള സാധനങ്ങള്‍ അന്നേ ദിവസം മാത്രമേ മുറിയ്ക്കാന്‍ പാടുള്ളൂ. കല്‍പീഠങ്ങള്‍ കാക്കാത്തിമാരാണ് വൃത്തിയാക്കുക. ഇൗ ജോലിയ്ക്കു മുന്‍പ് കരക്കാര്‍ക്കു വെറ്റിലയും പുകയിലയും ഉള്‍പ്പെടുന്ന ദക്ഷിണ നല്‍കി അനുവാദം വാങ്ങണം. കരക്കാര്‍ തിരിച്ചും ദക്ഷിണ നല്‍കും. കുരുത്തോല പന്തല്‍ കെട്ടാനുള്ള അവകാശം തണ്ടാര്‍ സമുദായത്തിനാണ്. കരപ്രമാണിമാരുടെ പക്കല്‍നിന്നു ആശാരി സമുദായം കൈനീട്ടം സ്വീകരിച്ച് അവരുടെ സാന്നിധ്യത്തില്‍ വേണം കുരുത്തോല പന്തല്‍ ഉയര്‍ത്താന്‍. ദേവിക്ക് ഇരിക്കാനുള്ള കുരുത്തോല പന്തല്‍ ക്ഷേത്രത്തിനു കിഴക്കുവശം ഉയര്‍ന്നാലേ, കെട്ടുകാഴ്ചകള്‍ ക്ഷേത്രമൈതാനത്തേക്ക് കടക്കൂ. ദേവീചൈതന്യം കണ്ടെത്തിയ ശിലയ്ക്കു ചുറ്റും ഗോപാല ബാലന്മാര്‍ കുരുത്തോലകൊണ്ട് അമ്ബലം കെട്ടിയതിന്റെ സ്മരണയാണ് കുരുത്തോല പന്തലിന്റേത്. മീനം 10 നു ചവറ-പുതുക്കാട് കരക്കാരുടെ നേതൃത്വത്തിലും മീനം 11 നു കുളങ്ങര ഭാഗം-കോട്ടയ്ക്കകം കരക്കാരുടെ നേതൃത്വത്തിലുമാണ് കുരുത്തോല പന്തലുകള്‍ സ്ഥാപിക്കുന്നത്.