play-sharp-fill
കൊറോണക്കാലത്ത് ശക്തമായ നടപടിയുമായി ജില്ലാ പൊലീസ്: അനാവശ്യമായി വീടിനു പുറത്തിറങ്ങിയാൽ കേസെടുക്കുമെന്നു ജില്ലാ പൊലീസ് മേധാവി; അഞ്ചു സബ് ഡിവിഷനുകളിലും പൊലീസിന്റെ റൂട്ട് മാർച്ച്

കൊറോണക്കാലത്ത് ശക്തമായ നടപടിയുമായി ജില്ലാ പൊലീസ്: അനാവശ്യമായി വീടിനു പുറത്തിറങ്ങിയാൽ കേസെടുക്കുമെന്നു ജില്ലാ പൊലീസ് മേധാവി; അഞ്ചു സബ് ഡിവിഷനുകളിലും പൊലീസിന്റെ റൂട്ട് മാർച്ച്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് സ്വയം നിയന്ത്രണത്തിന് നൽകിയ നിർദേശം പാലിക്കാതെ വന്നതോടെ ജില്ലയിൽ കർശന നിയന്ത്രണത്തിന് പൊലീസ് ഒരുങ്ങുന്നു. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്കു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിർദേശം നൽകി. പാൽ, പത്രം, ആശുപത്രി, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പച്ചക്കറി കടകൾ എന്നിവിടങ്ങളിലേയ്‌ക്കൊഴികെയുള്ള ആളുകൾക്കെതിരെയാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.


കോട്ടയം ജില്ലയിലും സമ്പൂർണ ലോക്ക് ഡൗൺ നിർദേശിച്ചിരുന്നെങ്കിലും, പലരും ഇത് ലംഘിച്ച് റോഡിലേയ്ക്കിങ്ങിയതോടെയാണ് ജില്ലാ പൊലീസ് കർശന നിയന്ത്രണങ്ങളുമായി രംഗത്ത് എത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ ജില്ലയിലെ റോഡുകളിൽ പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. എന്നാൽ, വാഹനയാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരമധ്യത്തിൽ എം.സി റോഡിൽ വെസ്റ്റ് പൊലീസ് നടത്തിയ വാഹന പരിശോധിയിൽ നൂറുകണക്കിന് ആളുകളാണ് അനാവശ്യമായി വാഹനങ്ങളുമായി എത്തിയത് കണ്ടെത്തിയത്. വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ വാഹന പരിശോധന. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെയാണ് പൊലീസ് കർശന നടപടികൾക്ക് ഒരുങ്ങിയത്.

അവശ്യവും അടിയന്തരവുമായ സാഹചര്യത്തിലല്ലാതെ പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കുന്ന ആദ്യ ഘട്ടം ഉച്ചയോടെ കഴിഞ്ഞു. രണ്ടാം ഘട്ടമായി അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് പൊലീസ് ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വൈകിട്ട് ജില്ലയിലെ അഞ്ചു പൊലീസ് സബ് ഡിവിഷനുകളിലും പൊലീസ് റൂട്ട് മാർച്ച് നടത്തും.

കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ സബ് ഡിവിഷനുകളിലെ പ്രധാന കേന്ദ്രങ്ങളിലാണ് പൊലീസ് റൂട്ട് മാർച്ച് നടത്തുക. കൊറോണ പ്രതിരോധത്തിന്റെ മുന്നറിയിപ്പും ഈ റൂട്ട്മാർച്ചിന്റെ ഭാഗമായി ഉണ്ടാകും.

കോട്ടയം നഗരത്തിൽ ചൊവ്വാഴ്ച സ്വകാര്യ ബസുകൾ സർവീസ് നടത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി ബസുകളും ഒരു ട്രിപ്പ് പോലും നടത്തിയിട്ടില്ല. അപൂർവം ചില ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. കൂടുതൽ സ്വകാര്യ വാഹനങ്ങളാണ് നഗരത്തിൽ സർവീസ് നടത്തുന്നത്.