play-sharp-fill
റെയിൽവേ സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി ജില്ലാ കളക്ടറും എസ്.പിയും; വെള്ളം നൽകി ഈസ്റ്റ് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക്  ജില്ലാ ആശുപത്രിയിൽ അഭയം; തേർഡ് ഐ ബിഗ് ഇംപാക്ട്

റെയിൽവേ സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി ജില്ലാ കളക്ടറും എസ്.പിയും; വെള്ളം നൽകി ഈസ്റ്റ് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ജില്ലാ ആശുപത്രിയിൽ അഭയം; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടിലേയ്ക്കു പോകാനായി റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ആട്ടിയോടിച്ച വിഷയത്തിൽ ഇടപെട്ട് ജില്ലാ കളക്ടറും എസ്.പിയും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും വിഷയത്തിൽ ഇടപെട്ടതോടെ 28 അംഗ ഇതര സംസ്ഥാന തൊഴിലാളികൾക്കു ജനറൽ ആശുപത്രിയിലെ 11 ആം വാർഡിൽ അഭയം ലഭിച്ചു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇവർക്കു ലഭ്യമാക്കുകയും ചെയ്തു. തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ശ്രദ്ധയിൽ പെട്ട  ജില്ലാ കളക്ടറും എസ്.പിയും പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തിയത്.


ഞായറാഴ്ച വൈകിട്ട് ഏഴിന് ഷാലിമാറിലേയ്ക്കു പോകുന്ന ഗുരുദേവ് എക്‌സ്പ്രസിൽ കൊൽക്കത്തയിലേക്കു പോകുന്നതിനായാണ് ഇവർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. നെടുങ്കണ്ടത്തെ ലക്ഷ്മി, കാമാക്ഷി എസ്‌റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും, ഭാര്യമാരും കുട്ടികളും അടക്കം 28 പേരാണ് ശനിയാഴ്ച വൈകിട്ട് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകിട്ട് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലാണ് ഇവർ കഴിഞ്ഞത്. ഞായറാഴ്ച രാവിലെ മാത്രമാണ് ട്രെയിൻ റദ്ദ് ചെയ്തതെന്നു ഇവർ അറിഞ്ഞത്. തുടർന്നു, റെയിൽവേ സ്‌റ്റേഷനിലെ റെയിൽവേ അധികൃതർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ സഹായത്തോടെ ഇവരെ ആദ്യം പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്താക്കി. തുടർന്നു, ഇവർ റെയിൽവേ സ്റ്റേഷനു മുന്നിലെ ടാക്‌സി ഡ്രൈവർമാരുടെ വിശ്രമ സ്ഥലത്ത് ഇരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ റെയിൽവേ സംരക്ഷണ സേനാ അധികൃതർ സ്ഥലത്ത് എത്തി, റെയിൽവേ പരിസരത്തു നിന്നും പുറത്തിറങ്ങണമെന്ന് ഇവരോടു നിർദേശിച്ചു. കയ്യിൽ ലാത്തിയും, ചൂരൽവടിയുമായി എത്തിയാണ് റെയിൽവേ സംരക്ഷണ സേനയിലെ എ.എസ്.ഐ അടക്കമുള്ളവർ ഇവരെ ആട്ടിയോടിക്കാൻ ശ്രമിച്ചത്. തങ്ങൾ എവിടെ പോകുമെന്നു ചോദിച്ചവരോട് സ്‌റ്റേഷനു പുറത്തിറങ്ങി ബസ് സ്റ്റാൻഡിൽ പോയിരിക്കാനാണ് റെയിൽവേ അധികൃതർ നിർദേശിച്ചത്.

ഈ സമയം സ്ഥലത്ത് എത്തിയ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ. ശ്രീകുമാർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഇവരുടെ പ്രശ്‌നം ജില്ലാ കളക്ടറേയും ജില്ലാ പോലീസ് മേധാവിയേയും ധരിപ്പിച്ചു. തുടർന്ന്, ജില്ലാ കളക്ടർ പി.കെ സുധീർബാബുവും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരും, ജില്ലാ കളക്ടറുടെ നിർദേശം അനുസരിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും വെള്ളം എത്തിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇവർക്ക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്തു.

ഇതിനു ശേഷം ജില്ലാ കളക്ടർ ആരോഗ്യ വകുപ്പ് അധികൃതരുമായി ആലോചിച്ച ശേഷം ഇവരെ 28 പേരെയും ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേയ്ക്കു മാറ്റാൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി റെയിൽവേ സ്‌റ്റേഷനിലെ ഹെൽപ്പ് ഡെസ്‌കിൽ ഇവരുടെ ആരോഗ്യം പരിശോധിച്ചു. കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്നു ഇവരെ ജനറൽ ആശുപത്രിയിൽ നിന്നുള്ള മൂന്ന് ആംബുലൻസുകളിലായി ആശുപത്രിയിലേയ്ക്കു മാറ്റി.

വൈകിട്ട് കർഫ്യൂ ഒഴിവാക്കിയ ശേഷം ഇവരെ തിരികെ നെടുങ്കണ്ടത്തെ താമസ സ്ഥലത്ത് എത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് അധികൃതരും ഉറപ്പു നൽകിയിട്ടുണ്ട്.