കൊറോണക്കാലത്തും സർക്കാരിന്റെ കള്ളുകച്ചവടം തകൃതി; ആളുകൾ കൂടരുതെന്നു പറയുന്ന സർക്കാർ തന്നെ ഷാപ്പ് ലേലം നടത്തുന്നു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്തും സർക്കാരിന്റെ കള്ളുകച്ചവടം തകൃതി..! ആളുകൾ കൂടരുതെന്നു പറയുന്ന സർക്കാർ തന്നെ ഷാപ്പ് ലേലം ചെയ്ത് ആളെ കൂട്ടാൻ ഒരുങ്ങുകയാണ്. ബിവറേജിലും ബാറിലും നടക്കുന്ന മദ്യവിൽപ്പന കൂടാതെയാണ് ഷാപ്പുകൾ ലേലം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.
മാർച്ച് 20 നും 21 നുമായി ഷാപ്പ് ലേലം നടത്തുന്നതിനായാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഷാപ്പ് ലേലം ചെയ്താൽ സ്വാഭാവികമായും ഇവിടെ അൻപതോ, നൂറോ ആളുകൾ ഒത്തു ചേരും. ഇത്തരത്തിൽ ആളുകൾ ഒത്തു ചേരുന്നതോടെ സ്വാഭാവികമായും അപകട സാധ്യത വർദ്ധിക്കും. ഇത് ഒഴിവാക്കാൻ ഷാപ്പ് ലേലം തന്നെ ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് പകരുന്നതിന്റെ സാഹചര്യത്തിൽ ഏതൊരു ആവശ്യത്തിനും ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്നു സർക്കാർ തന്നെ നിർദേശിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഉത്തരവിലൂടെയാണ് ഇത്തരത്തിൽ നിർദേശം പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ഉത്തരവ് നിലനിൽക്കെ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് ഓരോ മേഖല തിരിച്ച് ഷാപ്പ് ലേലം നടക്കുകയാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തുന്നു.
സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് 20 നും, 21 നും ഷാപ്പ് ലേലം നടത്താൻ സർക്കാരിലെ തന്നെ ഒരു വകുപ്പായ എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഷാപ്പ് ലേലം നടത്തുന്നതിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് എത്തുമെന്നു യൂത്ത് കോൺഗ്രസ് അറിയിച്ചു.
കൊറോണയ്ക്കിടെ കള്ളുഷാപ്പ് ലേലം പോലും മാറ്റി വയ്ക്കാത്ത സർക്കാർ ഇരട്ടത്താപ്പാണ് നടത്തുന്നതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചിന്തു കുര്യൻ ജോയി കുറ്റപ്പെടുത്തി. സമരത്തിന്റെ പേരിൽ ആൾക്കൂട്ടം ഉണ്ടാക്കാതെ തന്നെ ഇത്തരം സർക്കാർ സ്‌പോൺസേഡ് ഇരട്ടത്താപ്പ് തടയും. മദ്യപാനം വ്യക്തിപരമായ തീരുമാനമാണ്. കുടിക്കുന്ന ആളുകൾക്കു മദ്യത്തോടുള്ള ആസക്തി തോൽപ്പിക്കുന്ന രീതിയിലുള്ള ആസ്‌കതിയാണ് സർക്കാരിന് പണത്തോട്.
തെരുവിലിറങ്ങി സമരം ചെയ്യുന്നത് കൊറോണ ജാഗ്രതാ മാനദണ്ഡങ്ങൾക്ക് എതിരാവും എന്നു കരുതി എന്തും ചെയ്ത് ജനത്തെ കബളിപ്പിക്കാമെന്ന് സർക്കാർ കരുതരുതെന്നും ചിൻ്റു കുര്യൻ ജോയി കുറ്റപ്പെടുത്തി.