കൊറോണക്കാലത്ത് സംസ്ഥാന സർക്കാർ സഹായം മുസ്ലീം സമുദായത്തിന് മാത്രം : പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യം മുഴുവൻ ഒരു പോലെ ഒരു പണിയുമെടുക്കുവാനാവാതെ വീടുകളിൽ ജനങ്ങൾ കഴിയുമ്പോൾ കേരള സർക്കാർ സാമ്പത്തിക പരാധീനത കാണുന്നത് മുസ്ലീം സമൂഹത്തിനു മാത്രമെന്നത് മനസിലാക്കുവാൻ ബുദ്ധിമുട്ടുണ്ട്.
കൊറോണയുടെ പേരിലുള്ള സഹായങ്ങളിൽ പോലും സർക്കാർ രാഷ്ട്രീയ വർഗ്ഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് മാർഗ്ഗദർശക മണ്ഡൽ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതേതര സർക്കാർ ഒരു മതത്തിനു മാത്രമായി പ്രത്യേക പരിഗനന നൽകുന്നത് നല്ല സന്ദേശമല്ല പൊതു സമൂഹത്തിനു നൽകുന്നതെന്ന് മാർഗദർശ്ശക മണ്ഡൽ ആരോപിച്ചു. മദ്രസാധ്യാപകർക്ക് 2000 രൂപ ക്ഷേമനിധിയിൽ നിന്ന് നൽകുന്നതിനോട് യാതൊരു വിയോജിപ്പുമില്ല.
പക്ഷേ അതുപോലെ തന്നെയാണ് ക്ഷേത്രവുമായും ക്രിസ്ത്യൻ സ്ഥാപനങ്ങളുമായുമൊക്കെ ബന്ധപ്പെട്ട് വീടുകളിലിരിക്കുന്നവരും എന്ന കാര്യം സർക്കാർ ബോധപൂർവം വിസ്മരിക്കുന്നു. ഇവർക്ക് ക്ഷേമനിധി ഇല്ല എന്നതാണ് സർക്കാർ ന്യായം പറയുന്നത്.
എന്നാൽ ക്ഷേത്ര – മത പാഠശാല അധ്യാപകർക്കും , മറ്റ് ആചാര്യന്മാർക്കും കലാകാരന്മാർക്കും ക്ഷേമനിധി രൂപീകരിക്കണം എന്ന ആവശ്യം വർഷങ്ങളായി ഹൈന്ദവസമൂഹം സർക്കാരിനോട് ആവശ്യപ്പെടുന്നതാണ്.
അതിനൊരു ബോർഡ് രൂപീകരിക്കുന്നതിന് നാളിതുവരെ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ ദുർഘടഘട്ടത്തിൽ ഒരു വിധ സഹായവും ഹൈന്ദവസ്ഥാപനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
ഇത് മതവിവേചനമാണ്. ഹൈന്ദവ ആദ്ധ്യാത്മിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഇതേ ആനുകൂല്യങ്ങൾ നൽകി സർക്കാർ നീതി നടപ്പിലാക്കണമെന്ന് മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.