play-sharp-fill
ജില്ലയിൽ കൊറോണ നിയന്ത്രണത്തിൽ; ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന രണ്ടുപേര്‍ വീട്ടിലേക്ക് മടങ്ങി: കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് 100ലേറെപ്പേര്‍

ജില്ലയിൽ കൊറോണ നിയന്ത്രണത്തിൽ; ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന രണ്ടുപേര്‍ വീട്ടിലേക്ക് മടങ്ങി: കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് 100ലേറെപ്പേര്‍

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു പേര്‍ വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങി. സാമ്പിള്‍ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇവര്‍ക്ക് വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നിലവില്‍ ഒരാള്‍ മാത്രമാണ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ആദ്യഘട്ട പരിശോധനയില്‍ ഇയാളുടെ സാമ്പിളും നെഗറ്റീവാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് വന്ന എട്ടു പേര്‍ക്കുകൂടി ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇതോടെ ഇങ്ങനെ കഴിയുന്നവരുടെ എണ്ണം 100 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ടൂറിസം മേഖലയില്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന കുമരകത്ത് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ.പി.എസ്. രാകേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കാനെത്തുന്ന സഞ്ചാരികളുടെ യാത്രാ വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തണമെന്നും ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി, തായ്‌ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നോ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്‌തോ എത്തിയവരുടെ വിവരങ്ങള്‍ ഉടന്‍തന്നെ ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കി.

ചൈനയില്‍നിന്ന് എത്തുന്നവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി മുറിയില്‍ മാത്രം കഴിയാന്‍ നിര്‍ദേശം നല്‍കുകയും നീന്തല്‍കുളം, സ്പാ, ജിംനേഷ്യം, റസ്റ്റോറന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഭക്ഷണം മുറിയില്‍ എത്തിച്ചു നല്‍കണം. ഇവരുടെ വസ്ത്രങ്ങള്‍ കഴുകുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം. ഇവര്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. ഇവര്‍ക്ക് ആവശ്യമായ തൂവാലകള്‍, ടിഷ്യൂ പേപ്പര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണം. നിലവില്‍ ചൈനയില്‍നിന്നുളള വിദേശ സഞ്ചാരികള്‍ ആരും കുമരകം പ്രദേശത്ത് ഇല്ലെന്ന് യോഗത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍. രാജന്‍, ജില്ലാ ടി.ബി ഓഫീസര്‍ ട്വിങ്കിള്‍ പ്രഭാകരന്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് എന്നിവര്‍ സംസാരിച്ചു.

റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയുടെ ഉടമകള്‍, ജീവനക്കാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ വിദേശ യാത്രാ വിവരങ്ങള്‍ അറിയിക്കുന്നതിനും സംശയ നിവാരണത്തിനുമായി ഇതുവരെ നൂറിലേറെപ്പേര്‍ വിളിച്ചു. 1077, 0481 2581900 എന്നീ നമ്പരുകളില്‍ വിളിക്കുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വാഹന സൗകര്യവും ചികിത്സാ സഹായവും ലഭ്യമാക്കുന്നുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഡോക്ടര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘം മൂന്നു ഷിഫ്റ്റുകളിലായി സേവനമനുഷ്ഠിക്കുന്നു. ആരോഗ്യവകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റായ കെ.എം.ശശികുമാറാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പി.ജി. വിദ്യാര്‍ഥികളും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു