കൊറോണക്കാലത്തും സ്വത്തിനു വേണ്ടി അടിപിടി: സഹോദരനെ മദ്യം നൽകി മയക്കി കഴുത്ത് ഞെരിച്ച് കൊന്നു: അണക്കര സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഇടുക്കി: അണക്കരയിൽ സഹോദരനെ മദ്യം നൽകി മയക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അണക്കര സ്വദേശി ഐപ്പിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ സി.വി തോമസ് ആണ് അറസ്റ്റിലായത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
മകനും ആയി കുടുംബ പ്രശ്നം ഉണ്ടായതിനെ തുടർന്ന് സി വി തോമസ് സഹോദരൻ ഐപ്പിനെയും മാതാവിനെയും കാണാനായി പുറ്റടിയിലെ ഐപ്പിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് എത്തിയത്. സ്വത്തിന്റെ വീതം ചോദിക്കാനാണ് തോമസ് ഇവിടെ എത്തിയത് എന്നാൽ വിഹിതം നൽകാൻ സാധിക്കില്ലെന്നും ഇവരുടെ കൂടെ വീട്ടിൽ താമസിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും മാതാവും ഐപ്പും തോമസിനോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വെള്ളിയാഴ്ച ഇരുവരും ചേർന്ന് മദ്യം കഴിച്ചു. തുടർന്ന് ശനിയാഴ്ച വെളുപ്പിനെ മൂന്നരയോടെ തോമസ് ഉറക്കം ഉണരുകയും സഹോദരൻ ഐപ്പിനെ വിളിച്ചുണർത്തുകയും ചെയ്തു. തുടർന്ന് ബാക്കി ഉണ്ടായിരുന്ന മദ്യം ഇരുവരും ചേർന്ന് കുടിച്ചു.ഒടുവിൽ മദ്യം അമിതമായി കഴിച്ച് ഐപ്പ് മയക്കത്തിലേക്ക് വീണു. ഇതോടെ ഐപ്പിനെ തോമസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
അന്ന് രാവിലെ ആയപ്പോൾ മറ്റൊരു സഹോദരനെ കാണാനായി തോമസ് ചെല്ലാർകോവിലിലേക്ക് പോയി. കൊല്ലപ്പെട്ട ഐപ്പ് സ്ഥിരം മദ്യപാനിയാണ്. നേരം വെളുത്തിട്ടും ഐപ്പ് ഉണരാത്തത് മദ്യ ലഹരിയിൽ ആണെന്ന് ആണ് മാതാവ് ധരിച്ചിരുന്നത്. തുടർന്ന് പിറ്റേന്ന് രാവിലെയാണ് ഐപ്പ് മരിച്ച് കിടക്കുന്നതാണെന്ന് അറിയുന്നത്.
കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് ഐപ്പിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി പി .കെ മധു, കട്ടപ്പന ഡി വൈ എസ് പി എൻ. സി രാജ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ തോമസ് അറസ്റ്റിലാകുന്നത്.