എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു, കൂടത്തായിലെ വീട്ടിൽ അപരിചിതനെപ്പോലെയാണ് താൻ കഴിഞ്ഞിരുന്നത് ; ഷാജു – സിലി ദമ്പതികളുടെ മകൻ പോലീസിന് മൊഴി നൽകി

എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നു, കൂടത്തായിലെ വീട്ടിൽ അപരിചിതനെപ്പോലെയാണ് താൻ കഴിഞ്ഞിരുന്നത് ; ഷാജു – സിലി ദമ്പതികളുടെ മകൻ പോലീസിന് മൊഴി നൽകി

Spread the love

സ്വന്തം  ലേഖിക

 

കോഴിക്കോട്: കൂടത്തായി പരമ്ബര കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഒഴിയുന്നില്ല. ഇപ്പോള്‍ ജോളിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ മൊഴി നല്‍കിയിരിക്കുകയാണ് ഷാജു-സിലി ദമ്പതികളുടെ മകന്‍. ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി.

പത്താംക്ലാസ് വിദ്യാര്‍ത്ഥികൂടിയായ കുട്ടിയാണ് ജോളിക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്. എല്ലാകാര്യങ്ങളിലും രണ്ടാനമ്മയായ ജോളി തരംതിരിവ് കാണിച്ചിരുന്നെന്നും കൂടത്തായിയിലെ വീട്ടില്‍ താന്‍ താമസിച്ചിരുന്നത് അപരിചിതനെ പോലെയായിരുന്നെന്നും കുട്ടി മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഷാജു-സിലി ദമ്പതികളുടെ കുട്ടിയായിരുന്ന രണ്ട് വയസ്സുള്ള ആല്‍ഫൈനെ ജോളിയാണ് കൊലപ്പെടുത്തിയത്. സിലിയെയും ഇല്ലാതാക്കിയത് ജോളിയായിരുന്നു. ഷാജുവിനെ വിവാഹം ചെയ്യാനായിട്ടായിരുന്നു ജോളി ഇത്തരത്തില്‍ കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സിലിക്ക് ഭക്ഷണത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയും ആല്‍ഫൈന് ബ്രെഡ്ഡില്‍ സയനൈഡ് പുരട്ടി നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സിലിയുടെ കൊലപാതകത്തിലും ജോളിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം കൂടത്തായി കേസിലെ മൂന്നു പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. പൊന്നാമറ്റം റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോളി, രണ്ടാം പ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍ എന്നിവരുടെ റിമാന്‍ഡ് നവംബര്‍ രണ്ടു വരെ നീട്ടി കോഴിക്കോട് ജില്ലാ ജയിലിലേക്കയച്ചു. ജോളിയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കേണ്ടതില്ലെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ജോളിയുടെ വക്കാലത്തിനെച്ചൊല്ലി അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനും കോടതിമുറി വേദിയായി. വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി.എ. ആളൂര്‍ അസോസിയേറ്റ്‌സിലെ അഭിഭാഷകരും താമരശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങളും തമ്മിലായിരുന്നു തര്‍ക്കം.

ജോളിയെ കബളിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്ന് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആരോപിച്ചു. ഇതു ധാര്‍മികതയ്ക്കു നിരക്കുന്നതല്ല. ആളൂര്‍ സ്വന്തം പ്രചാരണത്തിനായി ജോളിയെ ഉപയോഗപ്പെടുത്തുകയാണ്. പ്രതികള്‍ക്കു സൗജന്യമായി നിയമസഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ലെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തര്‍ക്കം മറുകിയപ്പോള്‍ കോടതി ഇടപെട്ടു. ജോളി വിദ്യാഭ്യാസമുള്ള ആളാണെന്നും അവര്‍ പരാതിപ്പെട്ടാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്നു ജോളി കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞതെങ്കിലും അതു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു