കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

കൂടത്തായി കൊലപാതക പരമ്പര പ്രതീക്ഷിച്ചതിലും സങ്കീർണ്ണം ; ഡി.ജി.പി പൊന്നാമറ്റം വീട്ടിലെത്തി

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണ പരോഗതി വിലയിരുത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിലെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ എസ്.പി സൈമണിനൊപ്പമാണ് ബെഹ്‌റ പൊന്നാമറ്റം വീട്ടിലെത്തിയത്. കൂടത്തായി കൂട്ടമരണത്തിൽ ആറു കേസുകൾ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതൽ സൂക്ഷ്മമായി നടത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം.
കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. കേസ് അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. പരമാവധി സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും ഡി.ജി.പി പറഞ്ഞു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 വർഷം മുമ്പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വർഷം മുമ്പും. അതിനാൽ തെളിവുകൾ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത്രയും കാലമെടുത്തതിനാൽ കേസിൽ ദൃക്‌സാക്ഷിയൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പൊന്നാമറ്റം വീട്ടിൽ നിന്ന് തെളിവെടുപ്പിനിടെ ലഭിച്ച തവിട്ട് നിറത്തിലുള്ള പൊടി സയനൈഡ് ആണോ എന്ന് കണ്ടത്താൻ കൂടുതൽ രാസപരിശോധനക്ക് അയക്കും. ജോളിയെയും മാത്യുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.