
കൊല്ലം: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആയൂർ പാലത്തിന് സമീപമാണ് അപകടം.
അപകടത്തിൽ നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാനും, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയിരുന്ന റോബിനെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച് കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കടയ്ക്കലിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചടയമംഗലം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group








