കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ മോഷണം ; ഇരുപത്തിമൂന്നുകാരനായ പ്രതി അറസ്റ്റിൽ; നാലു കാണിക്ക വഞ്ചികളുടെ പൂട്ട് അറുത്ത് പണവും ഓഫീസ് കുത്തിത്തുറന്ന് മൊബൈൽ ഫോണും അപഹരിച്ചു; മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയതാണ് പ്രതിയെ കുടുക്കിയത്
സ്വന്തം ലേഖകൻ
കൊല്ലം: അഞ്ചൽ മാവിള ആയിരവല്ലി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ തൊളിക്കോട് സ്വദേശി ആദിത്യ(23)നാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബർ 23ന് ആദിത്യൻ ക്ഷേത്രത്തിൽ രാത്രി രണ്ട് മണിയോടെ എത്തിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ നാലു കാണിക്ക വഞ്ചികളുടെ പൂട്ട് അറുത്ത് പണവും ഓഫീസ് കുത്തിത്തുറന്ന് ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും അപഹരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര ഭാരവാഹികൾ അഞ്ചൽ പോലീസിൽ നൽകിയ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഡോഗ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനയും തെളിവെടുപ്പും നടത്തിയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.
ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് പ്രതി പിടിയിലാകാൻ കാരണമായത്. പ്രതിയുടെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിരുന്നു. അഞ്ചൽ സിഐ കെജി ഗോകുമാർ, എസ്ഐ പ്രജീഷ് കുമാർ, എസ്ഐ അജിത്ത് ലാൽ, എസ്സിപിഒ ബിനു വർഗീസ്, സിപിഒ ദീപു, മനീഷ്, സജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.