കൊടിപിടിച്ചു നടന്നവരെല്ലാം മണ്ടന്മാർ..! ബിജെപിയ്ക്കു കോട്ടയം ജില്ലയിൽ ‘കേരള കോൺഗ്രസ്’ പ്രസിഡന്റ്; ന്യൂനപക്ഷമായതുകൊണ്ടു മാത്രം കേരള കോൺഗ്രസുകാരനെ ജില്ലാ പ്രസിഡന്റാക്കി ബിജെപി; ജില്ലയിലെ ബിജെപിയിൽ എതിർപ്പ് ശക്തമാകുന്നു

കൊടിപിടിച്ചു നടന്നവരെല്ലാം മണ്ടന്മാർ..! ബിജെപിയ്ക്കു കോട്ടയം ജില്ലയിൽ ‘കേരള കോൺഗ്രസ്’ പ്രസിഡന്റ്; ന്യൂനപക്ഷമായതുകൊണ്ടു മാത്രം കേരള കോൺഗ്രസുകാരനെ ജില്ലാ പ്രസിഡന്റാക്കി ബിജെപി; ജില്ലയിലെ ബിജെപിയിൽ എതിർപ്പ് ശക്തമാകുന്നു

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: കൊടിപിടിച്ചു നടന്ന പാവപ്പെട്ട പ്രവർത്തകരെയും, നേതാക്കളെയും മണ്ടന്മാരാക്കി ബിജെപിയ്ക്കു കോട്ടയത്ത് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്..! നാലോ അഞ്ചോ വർഷം മുൻപു വരെ കേരള കോൺഗ്രസിന്റെ പേരിൽ ബ്രാക്കറ്റ് പാർട്ടിയുണ്ടാക്കി, പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ മത്സരിച്ച നോബിൾ മാത്യു ബിജെപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയതിൽ കടുത്ത അമർഷമാണ് ഇപ്പോൾ പാർട്ടി അണികളിലും പ്രവർത്തകരിലും ഉയരുന്നത്. വലിയ പൊട്ടിത്തെറിയിലേയ്ക്കാണ് പാർട്ടി നീങ്ങുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

നാലു വർഷം മുൻപു മാത്രം സ്വന്തം പാർട്ടി പിരിച്ചു വിട്ട് ബിജെപിയിൽ അംഗത്വം എടുത്ത നോബിൾ മാത്യു ബിജെപിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു എത്തുന്നതിനെ അത്ഭുതത്തോടെയാണ് പാർട്ടി പ്രവർത്തകർ നോക്കിക്കാണുന്നത്. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച നോബിൾ മാത്യു ആയിരുന്നു. ജോസ് കെ.മാണിയ്‌ക്കെതിരെ മത്സര രംഗത്തിറങ്ങിയ നോബിൾ മാത്യുവിന് അന്ന് സ്വന്തം കേരള കോൺഗ്രസുമുണ്ടായിരുന്നു. മാസങ്ങൾക്കു ശേഷം ഈ പാർട്ടി പിരിച്ചു വിട്ടാണ് നോബിൽ മാത്യു ബിജെപിയുടെ ഭാഗമായി ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴുണ്ടായ പാർട്ടി പുനസംഘടനയിൽ മുരളീധര വിഭാഗത്തോടും, കെ.സുരേന്ദ്രനോടും അടുത്തു നിൽക്കുന്ന നോബിൾ മാത്യുവിനെ തന്നെ പാർട്ടി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു. ഇത് പക്ഷേ, ജില്ലയിലെ പ്രവർത്തകർക്കും മുതിർന്ന നേതാക്കൾക്കും അടക്കം ദഹിച്ചിട്ടില്ല. ജില്ലാ ബിജെപിയിൽ മുതിർന്ന നേതാക്കളിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നടക്കമുള്ള നേതാക്കൾ ഏറെയുണ്ട്. ഇവരെ ആരെയും പരിഗണിക്കാതെയാണ് ഇപ്പോൾ ബിജെപി അടുത്തിടെ മാത്രം പാർട്ടിയുടെ ഭാഗമായി എത്തിയ നോബിൾ മാത്യുവിന് സ്ഥാനം നൽകിയിരിക്കുന്നത്.

വർഷങ്ങളായി പാർട്ടിയ്ക്കു വേണ്ടി കൊടിപിടിച്ചു നടക്കുന്ന നിരവധി നേതാക്കൾ ജില്ലയിലെ ബിജെപിയിൽ ഉണ്ട്. ഇവരെയെല്ലാം നിരാശരാക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്ന എൻ.ഹരിയ്‌ക്കെതിരെ വിമർശനങ്ങളും എതിർപ്പുകളുമുണ്ടായിരുന്നെങ്കിലും, പാർട്ടി സംഘടനാ സംവിധാനവും പ്രവർത്തന പരിപാടികളിലും എല്ലാം ഹരി സജീവമായി രംഗത്തിറങ്ങിയിരുന്നു. ഹരി പ്രസിഡന്റായ ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയ്ക്കു കൃത്യമായ സംഘടനാ സംവിധാനവും പ്രവർത്തിക്കാനുള്ള ശേഷിയും പാർട്ടി കൈവരിച്ചിരുന്നു. എന്നാൽ, കേരള കോൺഗ്രസുകാരൻ പാർട്ടി ജില്ലാ പ്രസിഡന്റാകുന്നതോടെ വീണ്ടും പാർട്ടി നിർജീവമാകുമെന്നാണ് പ്രവർത്തകർ ഭയപ്പെടുന്നത്.