
സഞ്ചാരികളെ കാത്ത് കോടിമത ബോട്ട് ജെട്ടി; പോള ശല്യം കുറഞ്ഞു, പാലം പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാട്ടര്‍ ടാക്‌സിയുള്‍പ്പെടെ എത്തും; കോവിഡ് കാലത്ത് സുരക്ഷിതമായ വിനോദയാത്രയ്‌ക്കൊരുങ്ങാം
സ്വന്തം ലേഖകന്‍
കോട്ടയം: സഞ്ചാരികളെ കാത്ത് കോടിമത ബോട്ട് ജെട്ടി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ് മൂന്ന് മണിക്കൂര്‍ നീളുന്ന ബോട്ട് യാത്ര വീണ്ടും സജീവമാകുകയാണ്. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി പേര്‍ കായല്‍ യാത്രയ്ക്കായി എത്തുന്നുണ്ട്.
നഗരസഭയുടെ നിയന്ത്രണത്തിലുള്ള പൊക്ക് പാലങ്ങള്‍ തകരാറിലായതോടെ കാഞ്ഞിരം വെട്ടിക്കാട്ടിലൂടെ ബോട്ട് ഓടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പള്ളം കായലിലൂടെ സഞ്ചരിക്കുമ്പോള്‍ കായല്‍ കാഴ്ചകള്‍ കുറവായത് ബോട്ട് യാത്രയെ പ്രതികൂലമായി ബാധിച്ചിരുന്നു. നിലവില്‍, ആലപ്പുഴ- ചങ്ങനാശേരി റോഡ് അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിട്ടത് ബോട്ട് യാത്രയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. പൊക്ക് പാലങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാല്‍ കോടിമത – കാഞ്ഞിരം- വെട്ടിക്കാട് വഴി ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേമ്പനാട്ട് കായലില്‍ പോള ശല്യമില്ലാത്തതും ബോട്ട് സര്‍വ്വീസിന് അനുകൂല സാഹചര്യമൊരുക്കുന്നു. പാലം പണി പൂര്‍ത്തീകരിച്ചാല്‍ വേഗ, വാട്ടര്‍ ടാക്സി, പോലുള്ള സംവിധാനങ്ങളും കോടിമതയിലെത്തിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു.
രാവിലെ 5ന് കാഞ്ഞിരം- ആലപ്പുഴ, 6.45ന് കോടിമത ആലപ്പുഴ, 11.30ന് കോടിമത – ആലപ്പുഴ, 1ന് കോടിമത – ആലപ്പുഴ, 4ന് കാഞ്ഞിരം -ആലപ്പുഴ, 5.45ന് കാഞ്ഞിരം – ആലപ്പുഴ എന്നിങ്ങനെ ആറ് സര്‍വ്വീസുകളാണ് കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കുള്ളത്. 29 രൂപയാണ് മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്ക്. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ് ചാര്‍ജ് ഈടാക്കും.