
കൊച്ചി: കൊച്ചി മെട്രോ തൂണുകള്‍ക്കരികില്‍ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തി അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
അപകട സാധ്യതയുള്ള ഇടങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മെട്രോ പൈല് ക്യാപ്പുകള്‍ക്ക് സമീപമുള്ള റോഡുകള്‍ ചില ഇടങ്ങളില്‍ ഉയർന്നും താഴ്ന്നും നിലനില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഹർജിയില്‍ ചൂണ്ടിക്കാണിച്ചു.
ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതല്‍ അപകട ഭീഷണിയുള്ളതെന്നും, ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു. കടവന്ത്ര സ്വദേശി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. വിഷയവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളും കോടതി പരിഗണിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. മെട്രോ പാതയോടനുബന്ധിച്ച റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൊച്ചി കോർപ്പറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും, റോഡുകള്‍ പൂർവസ്ഥിതിയിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും കോടതി വ്യക്തമാക്കി. സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഹർജി ജൂണ്‍ 11ന് വീണ്ടും പരിഗണിക്കും.
മെട്രോ പാതയുടെ അശാസ്ത്രീയ നിർമാണമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഹർജിയില്‍ പറയുന്നത്. തൂണുകള്‍ക്കടിയില്‍ മണ്ണ് അടിഞ്ഞുകൂടിയതോടെ റോഡുകളില്‍ നിരപ്പുവ്യത്യാസം ഉണ്ടായതായും, രാത്രിയില്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ അപകടങ്ങള്‍ സംഭവിക്കുന്നതായും ചൂണ്ടിക്കാട്ടി. അയ്യപ്പൻ റോഡില്‍ സൗത്ത് പാലം മുതല്‍ എളംകുളം വരെ, കച്ചേരിപ്പടി-കലൂർ മേഖല, ഇടപ്പള്ളി (ചങ്ങമ്പുഴ പാർക്ക്) മുതല്‍ കളമശ്ശേരി വരെ എന്നീ ഭാഗങ്ങളിലാണ് പ്രശ്നം കൂടുതല്‍ രൂക്ഷമെന്ന് ഹർജിയില്‍ വ്യക്തമാക്കുന്നു.







