സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത : കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമായി നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമുണ്ട്. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
മഴയ്ക്കൊപ്പം കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
കൂടാതെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ജൂൺ 28 വരെ കേരള കർണാടക തീരത്തും, 27 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.