കൊലനടത്തിയത് ക്വട്ടേഷൻ സംഘം: കാറിനുള്ളിൽ കെവിനേറ്റത് നിരന്തര മർദനം; രണ്ടു മണിക്കൂർ നിരന്തരം മർദിച്ചു; മർദമേറ്റ് വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയത് മദ്യം; കുഴഞ്ഞു വീണപ്പോൾ അടിയവർ ചവിട്ടിക്കലക്കി; പുറത്തു വരുന്നത് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരതകൾ

കൊലനടത്തിയത് ക്വട്ടേഷൻ സംഘം: കാറിനുള്ളിൽ കെവിനേറ്റത് നിരന്തര മർദനം; രണ്ടു മണിക്കൂർ നിരന്തരം മർദിച്ചു; മർദമേറ്റ് വെള്ളം ആവശ്യപ്പെട്ടപ്പോൾ നൽകിയത് മദ്യം; കുഴഞ്ഞു വീണപ്പോൾ അടിയവർ ചവിട്ടിക്കലക്കി; പുറത്തു വരുന്നത് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരതകൾ

സ്വന്തം ലേഖകൻ

കൊല്ലം : പ്രണയബന്ധത്തിൽ നിന്നു പിന്മാറുന്നതിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നത് കൊടിയ പീഡനത്തിന്റെ കഥകൾ. കൊല്ലപ്പെട്ട എസ്.എച്ച് മൗണ്ട് നട്ടാശേരിൽ വട്ടപ്പാറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി.ജോസഫി(23)നെയാണ് ക്വട്ടേഷൻ സംഘം വാഹനത്തിനുള്ളിൽ വച്ചു ക്രൂരപീഡനത്തിനു ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ തെന്മല സ്വദേശികളായ നിയാസ്, റിയാസ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ക്രൂരപീഡനത്തിന്റെ വിവരം പുറത്തു വന്നത്.
വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് സംഘം അനീഷിനെയും കൊല്ലപ്പെട്ട് കെവിനെയും വാഹനത്തിനുള്ളിൽ കയറ്റുന്നത്. ഇരുവരെയും രണ്ടു വാഹനങ്ങളിലായാണ് കയറ്റിയത്. ഇന്നോവയ്ക്കുള്ളിലാണ് കെവിനെ കയറ്റിയത്. കെവിൻ കാറിനുള്ളിൽ കയറിയപ്പോൾ മുതൽ തന്നെ ഗുണ്ടാ സംഘം മർദനം ആരംഭിച്ചിരുന്നു. കോട്ടയം മുതൽ തെന്മലവരെയുള്ള രണ്ടു മണിക്കൂർ നിരന്തരം ഗുണ്ടാ സംഘം കെവിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്നു രക്ഷപെടാൻ കെവിൻ, കാറിന്റെ സീറ്റിനടിയിൽ കയറി ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നു വലിച്ചിറക്കിയ സംഘം അടിവയറ്റിലും, സ്വകാര്യ ഭാഗത്തും ചവിട്ടുകയും ചെയ്തു. പെൺകുട്ടിയുടെ സഹോദരൻ തന്നെയാണ് മർദനത്തിനെല്ലാം നേതൃത്വം കൊടുത്തത്.
അടിയേറ്റ് അവശനായി കാറിനുള്ളിൽ വീണ കെവിൻ വെള്ളം ആവശ്യപ്പെട്ടു. ഇതോടെ ഗുണ്ടാ സംഘം കയ്യിൽകരുതിയിരുന്നു മദ്യക്കുപ്പി കെവിന്റെ വായിലേയ്ക്കു കമഴ്ത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ തെന്മല ഒറ്റയ്ക്കൽ യൂണിറ്റ് സെക്രട്ടറിയായ നിയാസാണ് ക്വട്ടേഷൻ സംഘത്തിന്റെ വണ്ടിയോടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
കേസിലെ പ്രധാന പ്രതിയായ റിയാസിനെ ഞായറാഴ്ച അർധരാത്രിയിൽ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റിയാസിനെ ചോദ്യം ചെയ്തതോടെയാണ് കെവിന്റെ മൃതദേഹം കിടക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. തുടർന്നു തെന്മല പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം സ്ഥലത്ത് എത്തി. തുടർന്നു തെന്മല ചാലിയേക്കര തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കെവിന്റെ മുഖത്ത് മർദനമേറ്റ മുറിവുകൾ ഉണ്ടായതായി ഇൻക്വസ്റ്റിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മരണകാരണം എന്താണെന്നു ചൊവ്വാഴ്ച നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകുകയൂള്ളൂ.
ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടു പോയി വാഹനത്തിനുള്ളിൽ വച്ച് മർദിച്ച് കൊലപ്പെടുത്തുകയിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, മർദനമേറ്റ കെവിൽ തെന്മല ചാലിയേക്കരയ്ക്കു സമീപത്തു വച്ച് കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പിടിയിലായ പ്രതി റിയാസ് പൊലീസിനു നൽകിയ സൂചന. എന്നാൽ, ഇത് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. കെവിൻ കൊല്ലപ്പെട്ടുവെന്ന രാത്രിയിൽ തന്നെ ക്വട്ടേഷൻ സംഘം തിരിച്ചറിഞ്ഞിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. സംഘത്തിലുള്ള പന്ത്രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ നമ്പരുകൾ ഇന്നലെ രാവിലെ മുതൽ തന്നെ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുകയായാണ്. ഇവർ തമിഴ്നാട്ടിലേയ്ക്കു കടക്കാനുള്ള സാധ്യതയും പൊലീസ് സംഘം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള അന്വേഷണ സംഘം രണ്ടു ടീമായി തിരിഞ്ഞ് തെന്മലയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. പുതിയ മേധാവിമാരുടെ നിർദേശം അനുസരിച്ച് ആവശ്യമെങ്കിൽ പൊലീസ് സംഘം തമിഴ്നാട്ടിലേയ്ക്കു തിരിക്കും.
മരിച്ച കെവിന്റെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. രാവിലെ 11.30 നു മൃതദേഹം വീട്ടിലെത്തിക്കും. തുടർന്നു 3.30 നു സംസ്‌കാരം മൂന്നിനു ഗുഡ്‌ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ.