സി.ഐമാർ എസ്.ഐആയി: പൊലീസിന്റെ മേൽനോട്ടം പാളി; നഷ്ടമായത് കെവിന്റെ പിഞ്ചു ജീവൻ

സി.ഐമാർ എസ്.ഐആയി: പൊലീസിന്റെ മേൽനോട്ടം പാളി; നഷ്ടമായത് കെവിന്റെ പിഞ്ചു ജീവൻ

സ്വന്തം ലേഖകൻ

കോട്ടയം: സി.ഐമാർ എസ്.ഐമാരാകുകയും, സ്‌റ്റേഷനുകൾ നാഥനില്ലാ കളരിയാകുകയും ചെയ്തതോട പൊലീസിനു നഷ്ടമായത് മേൽനോട്ടത്തിന്റെ ഒന്നാം ഘട്ടം. പൊലീസിന്റെ മേൽനോട്ടം പിഴച്ചതോടെയാണ് പൊലീസ് സ്റ്റേഷനുകളുടെ എല്ലാ പ്രവർത്തനങ്ങളും താളെ തെറ്റിയത്. സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതോടെ മേൽനോട്ടത്തിന് ആളില്ലാതെ പോയതാണ് കെവിനെത്തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം വൈകിപ്പിച്ചതെന്നാണ് സൂചന. സ്റ്റേഷൻ ഹൗസ് ഓഫിസറായി എസ്.ഐയുടെ പരിചയക്കുറവും കേസ് കൈകാര്യം ചെയ്യുന്നതിലെ പിഴവും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.
കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാർക്ക് നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. നേരത്തെ രണ്ടോ അധിലധികമോ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് സി.ഐമാർക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 444 പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്. പദ്ധതി നടപ്പാക്കി മൂന്നു മാസം കഴിഞ്ഞിട്ടും 196 പൊലീസ് സ്റ്റേഷനുകളിൽ മാത്രമാണ് സി.ഐമാർക്ക് സ്റ്റേഷൻ ചുമതലയുള്ളത്. മറ്റുള്ള സ്ഥലങ്ങളിൽ എസ്.ഐമാർക്കു തന്നെയാണ് സ്റ്റേഷൻ ചുമതല. ഇവരിൽ പലരും അഞ്ചു വർഷത്തിൽ താഴെ മാത്രം പ്രവർത്തി പരിചയമുള്ള എസ്.ഐമാരാണ്. ഈ സ്റ്റേഷനുകളിലെ മേൽനോട്ട ചുമതല ഡിവൈ.എസ്.പിക്കുമാണ്.
കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പരാതിക്കാർ ആദ്യം എത്തിയത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലാണ്. ഈ സ്റ്റേഷനിന്റെ ഹൗസ് ഓഫിസറായ എസ്.ഐ എം.എസ് ഷിബുവിനു മൂന്നു വർഷത്തിൽ താഴെ മാത്രമാണ് പ്രവർത്തി പരിചയമുള്ളത്. അതുകൊണ്ടു തന്നെ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാനോ, കൃത്യമായ അന്വേഷണം നടത്താനോ അദ്ദേഹത്തിനു സാധിച്ചില്ല. സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകും മുൻപ് ഏറ്റുമാനൂർ സർക്കിളിന്റെ പരിധിയിലായിരുന്നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ. പുതിയ പദ്ധതി നടപ്പായതോടെ ഈ സ്റ്റേഷന്റെ മേൽനോട്ട ചുമതല കോട്ടയം ഡിവൈ.എസ്.പിക്കാണ്. തട്ടിക്കൊണ്ടു പോകലും കൊലപാതകവും അടക്കമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടത് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. നേരത്തെ എസ്.ഐയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായാൽ പരാതിക്കാർക്ക് സി.ഐയെ സമീപിക്കാമായിരുന്നു. എന്നാൽ, ഇപ്പോൾ ഗാന്ധിനർ അടക്കമുള്ള 248 പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ ഭാഗത്തു നിന്നും പരാതിയുണ്ടായാൽ പരാതിക്കാർക്ക് സമീപിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
കേസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയ എസ്.ഐയെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തിൽ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിനെതിരെയും നടപടിയുണ്ടാകുമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.