play-sharp-fill
കെവിൻ വധം: സംഭവം പുനരാവിഷ്കരിച്ച് പൊലീസ്; ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നാടകീയ തെളിവെടുപ്പ്

കെവിൻ വധം: സംഭവം പുനരാവിഷ്കരിച്ച് പൊലീസ്; ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നാടകീയ തെളിവെടുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം : കെവിൻ വധത്തിൽ സംഭവ ദിവസത്തെ അക്രമ സംഭവങ്ങൾ അതേപടി പുനരാവിഷ്കരിച്ച് പൊലീസ്. സംഭവം നടന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം , പ്രതികൾ സഞ്ചരിച്ച അതേ വഴിയിലൂടെ തന്നെ കെവിന്റെ മൃതദേഹം കണ്ടെത്തിയ പുനലൂരിലേയ്ക്ക് തിരിച്ചു.
മെയ് 27 ഞായാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീട് ആക്രമിച്ച് ഗുണ്ട സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. ഇവിടെ നിന്നും മാന്നാനം – ചിങ്ങവനം – ചങ്ങനാശേരി – തിരുവല്ല – പത്തനംതിട്ട – പത്തനാപുരം – പുനലൂർ വഴി തെന്മലയിൽ എത്തിയ സംഘം തെന്മല – പുനലൂർ റൂട്ടിലെ ചാലിയേക്കര തോട്ടിൽ കെവിനെ തള്ളുകയായിരുന്നു. സംഭവത്തിൽ 13 പ്രതികളെയും പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഈ പ്രതികളിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത , കെവിൻ തട്ടിക്കൊണ്ടു പോയ വാഹനത്തിലുണ്ടായിരുന്ന നിയാസ് , ഫസൽ , വിഷ്ണു എന്നിവരെയാണ് ഞായറാഴ്ച തെളിവെടുപ്പിനായി കൊണ്ടു പോയിരിക്കുന്നത്.
ജൂൺ 3 ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ പ്രതികളെ അനീഷിന്റെ വീട്ടിലെത്തിച്ച് പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. ഇവിടെ നടന്ന സംഭവങ്ങൾ പ്രതികൾ പൊലീസിനു വിശദമാക്കി കൊടുത്തു. തുടർന്ന് ഇവിടെ നിന്ന് മൂന്ന് വാഹനങ്ങളിലായി പുനലൂർക്ക് തിരിച്ചു.. അക്രമി സംഘം സംഭവ ദിവസം സഞ്ചരിച്ച വഴിയിലൂടെയായിരുന്നു പൊലീസ് സംഘത്തിന്റെ യാത്ര.
ഓരോ സ്ഥലവും പിന്നിട്ട സമയവും ദൂരവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലൂടെ കടന്നു പോകുമ്പോൾ ഇവർ പറഞ്ഞ വാക്കുകളും , ഫോൺ കോളുകളും അതേ രീതിയിൽ തന്നെ പുനരാവിഷ്കരിച്ചിട്ടുണ്ട്.
പ്രതികൾ കെവിനെ മൃതദേഹം കിടന്ന സ്ഥലത്തേക്ക് ഓടിച്ചു വിട്ട രീതിയും പൊലീസിനെ അഭിനയിച്ച് കാണിച്ചിട്ടുണ്ട്. സംഭവങ്ങൾ കൃത്യമായി പുനരാവിഷ്കരിച്ചത് അന്വേഷണത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് സൂചന. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നത്.