video
play-sharp-fill
കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ രണ്ടു ഡിവൈഎസ്പിമാരെ മാറ്റി ജില്ലാ പൊലീസിൽ വൻ അഴിച്ചു പണി

കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ രണ്ടു ഡിവൈഎസ്പിമാരെ മാറ്റി ജില്ലാ പൊലീസിൽ വൻ അഴിച്ചു പണി

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ കോട്ടയത്തെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥാന ചലനം. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയുമാണ് മാറ്റിയത്. ഷാജിമോൻ ജോസഫിനെ ഇടുക്കി എസ്.ബി.സി.ഐഡിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. പകരം ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ചുമതലേയ്ക്കും. ചങ്ങനാശേരിയിലേയ്ക്കു വിജിലൻസ് ഡിവൈ.എസ്.പിയായ എസ്.സുരേഷ്‌കുമാറാണ് എത്തുന്നത്. കോട്ടയം സ്‌പെഷ്യൽബ്രാഞ്ചിൽ സന്തോഷ്‌കുമാറിനു പകരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പാർത്ഥസാരഥി പിള്ളയാണ് എത്തുന്നത്. പാർത്ഥസാരഥി പിള്ളയ്ക്കു പകരം ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച പ്രകാശൻ പി.പടന്നയിൽ എത്തും. ജെ.സന്തോഷ്‌കുമാറിനെ തിരുവനന്തപുരം റൂറലിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ഗാന്ധിനഗറിലെ കെവിൻ വധക്കേസിൽ കോട്ടയം ഡിവൈ.എസ്.പിക്കും സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പിക്കും വീഴ്ച വന്നതായി ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവം നടന്ന ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഡിവൈ.എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാണ്. കേസ് അന്വേഷണത്തിൽ കൃത്യമായി മേൽനോട്ടം വഹിക്കാൻ ഡിവൈ.എസ്.പിക്കു സാധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ ഇദ്ദേഹത്തെ മാറ്റിയത്. സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും കൃത്യമായി വിവരങ്ങൾ ശേഖരിക്കുന്നതിനും ജില്ലാ സ്‌പെഷ്യൽബ്രാഞ്ചിനും വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരായ ഇപ്പോഴത്തെ നടപടി.