കെവിൻ കേസ് പാഠമായി: കാമുകിയെയുമായി വീട്ടിലെത്തിയ മകനോട് അച്ഛന്റെ കടക്കുപുറത്ത്: കല്യാണം കലാപമായതോടെ പൊലീസും കോടതിയും ഇടപെട്ടു; മറ്റൊരു കെവിൻ ഒഴിവായത് പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: കെവിൻ വധക്കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേവിൻ കേസ് ഒഴിവായത് തലനാരിഴയ്ക്ക്. പ്രണയിക്കുന്ന പെൺകുട്ടിയെയുമായി വീട്ടിൽ കയറി വന്ന മകനോട് അച്ഛൻ കടക്കു പുറത്തു പറഞ്ഞു. രണ്ടു കൽപ്പിച്ച കാമുകിയെയുമായി വീട്ടിൽ കയറിയ മകനെയും യുവതിയെയും അച്ഛൻ പൊലീസിൽ ഏൽപ്പിച്ചു. ഒടുവിൽ പൊലീസും കോടതിയും ഇടപെട്ടതോടെ കല്യാണം സമംഗളമായി.
തി്ങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഏറ്റുമാനൂർ കിസ്മത് പടിയിലാണ് സിനിമാ തോൽക്കുന്ന സ്‌ക്രിപ്റ്റുമായി ഒളിച്ചോട്ടത്തിനു തയ്യാറെടുത്ത കമിതാക്കളുടെ ചീട്ട് കീറിയത്. 22 കാരനായ സി.സി.ടി.വി ടെക്‌നീഷ്യനും, പ്ലസ്ടു തോറ്റ് പഠനം ഉപേക്ഷിച്ച പെൺകുട്ടിയുമാണ് നായികയും നായകനും. മിഥുനം സിനിമാ മാതൃകയിൽ കാമുകിയെ തട്ടിക്കൊണ്ടു വന്ന യുവാവ് വീടിന്റെ അവസ്ഥ അറിയാൻ രണ്ടു സുഹൃത്തുക്കളെ വീട്ടിനുള്ളിലേയ്ക്ക് അയച്ചു. തിക്കുറിശിയുടെ ഡയലോഗ് പ്രതീക്ഷിച്ച് വീട്ടിലെത്തിയ കൂട്ടുകാർ ചോദിച്ചു – അച്ഛാ, ്അച്ഛന്റെ മകൻ ഒരു വിവാഹം ചെയ്താൽ അച്ഛൻ എന്തു ചെയ്യും..! ഭ… എന്നൊരാട്ടും കിടിലനൊരു മറുപടിയും.. മുട്ടുകാൽ തല്ലിയൊടിക്കും. പെട്ടന്നുണ്ടായ ട്വിസ്റ്റിൽ കൂട്ടുകാർ വലഞ്ഞു നിൽക്കെ, അപ്രതീക്ഷിതമായി നായകനും നായികയും പടികയറിയെത്തി. രണ്ടിനെയും തൂക്കിയെടുത്ത് അച്ഛൻ പൊലീസ് സ്റ്റേഷനിലേയ്ക്കു കുതിച്ചു.
കെവിൻ കേസിന്റെ ഓർമ്മ നിലനിൽക്കുന്നതിനാലാവാം അച്ഛൻ കാര്യങ്ങളെല്ലാം കൃത്യമായി ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിനെ കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട സി.ഐ പെൺകുട്ടിയുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി കുട്ടിയുടെ അച്ഛനെയും സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു. അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ അച്ഛനും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനൊപ്പം പോകാനില്ലെന്ന് വാശിപിടിച്ച മകൾ കാമുകനൊപ്പം മാത്രമേ പോകൂ എന്നായി.
കെട്ടാത്ത കുട്ടികളെ വീട്ടിൽ കയറ്റി പുലിവാൽ പിടിക്കാനില്ലെന്നായി വരന്റെ പിതാവ്. ഒടുവിൽ രണ്ടു പേരെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിലും കാമുകനെത്തന്നെ വേണമെന്നായി പെൺകുട്ടിയുടെ വാശി. കോടതി മധ്യസ്ഥം വഹിച്ചതോടെ രണ്ടു പേരെയും സ്വീകരിക്കാമെന്നു യുവാവിന്റെ പിതാവും സമ്മതിച്ചു. ഒടുവിൽ കോടതിയുടെ ഇടപെടലോടെ ആ പ്രണയം പൂവണിഞ്ഞു.