കെവിന്റെ ദുരഭിമാന കൊലപാതകം: നീനുവിന് മാനസിക രോഗമെന്ന് തെളിയിക്കുന്ന രേഖകൾ ബുധനാഴ്ച കോടതിയിലെത്തും; മുങ്ങിമരണവും മാനസിക രോഗവും കേസിനെ ബാധിക്കുന്നത് എങ്ങിനെ

കെവിന്റെ ദുരഭിമാന കൊലപാതകം: നീനുവിന് മാനസിക രോഗമെന്ന് തെളിയിക്കുന്ന രേഖകൾ ബുധനാഴ്ച കോടതിയിലെത്തും; മുങ്ങിമരണവും മാനസിക രോഗവും കേസിനെ ബാധിക്കുന്നത് എങ്ങിനെ

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റെ ദുരഭിമാന കൊലപാതകത്തിൽ വീണ്ടും നിർണ്ണായക വഴിത്തിരിവ്. കെവിന്റെ മരണം മുങ്ങിമരണമാണെന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ , കെവിന്റെ കാമുകിയായ നീനുവിനു മാനസിക രോഗമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേസിനെ നിർണ്ണായകമായി സ്വാധീനിക്കുന്നത്. കേസ് ദുർബലപ്പെടുത്താനുള്ള പ്രതികളുടെ ശ്രമത്തിന്റെ ഭാഗമായാണ് നീനുവിനു മാനസിക രോഗമാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമെന്നാണ് നിയമ വിദഗ്ധർ നൽകുന്ന സൂചന.
കഴിഞ്ഞ ദിവസമാണ് നീനുവിന്റെ പിതാവ് ചാക്കോ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നീനുവിനു മാനസിക രോഗമാണെന്നും, ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഇതിനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രേഖയും ഇദ്ദേഹം കോടതിയിൽ സമർപ്പിച്ചിരുന്നു. കെവിന്റെ വീട്ടിൽ നിന്നും നീനുവിനെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റണമെന്നായിരുന്നു നീനുവിന്റെ പിതാവിന്റെ ആവശ്യം. എന്നാൽ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള രേഖകൾ ഇതിനായി ചാക്കോകോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ രേഖകൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കോടതി വ്യക്തമായ രേഖകൾ ഹാജരാക്കണമെന്നു ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, തിങ്കളാഴ്ച കോടതിയിൽ ഹാജരായപ്പോൾ ആശുപത്രിയിലെ ചികിത്സാ രേഖകൾ പുനലൂരിലെ വീട്ടിലാണെന്നും എടുക്കാൻ സഹായിക്കണമെന്നും പ്രതിയായ ചാക്കോ ആവശ്യപ്പെട്ടു. താനും മകനും ജയിലിലായതിനാൽ വീട്ടിൽ ആരുമില്ലെന്നും രേഖകൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ചാക്കോ കോടതിയിൽ വാദിച്ചു. ഇതേ തുടർന്നു ജഡ്ജി പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയ ശേഷം ബുധനാഴ്ച രേഖകൾ എടുക്കാൻ അനുവാദം നൽകിയത്. കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയായ ചാക്കോയെയുമായി ബുധനാഴ്ച പുനലൂരിലെ വീട്ടിലെത്തി മെഡിക്കൽ രേഖകൾ വാങ്ങുന്നതിനാണ് കോടതി അനുവാദം നൽകിയിരിക്കുന്നത്.
എന്നാൽ, നീനുവിനു മാനസിക രോഗമാണെന്ന വാദം പ്രതികൾ ഉയർത്തുന്നത് കേസിനെ ദുർബലപ്പെടുത്തുന്നതിനു വേണ്ടിയാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്. നീനുവിന്റെ കെവിന്റെ വീട്ടിൽ നിന്നു അടർത്തി മാറ്റി സ്വന്തം കസ്റ്റഡിയിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ചാക്കോയും സംഘവും മാനസിക രോഗം എന്ന തന്ത്രം പുറത്തെടുക്കുന്നത്. കേവിന്റെ വീട്ടിൽ നിന്നും നീനുവിനെ മാറ്റിക്കഴിഞ്ഞാൽ ഇവരുടെ സംരക്ഷണ വലയത്തിലേയ്ക്കു മാറ്റാമെന്ന തന്ത്രമാണ് ഇപ്പോൾ പ്രതികൾ പുറത്തെടുക്കുന്നത്. പതിയെ പതിയെ നീനുവിനെ തങ്ങളുടെ വലയത്തിൽ എത്തിക്കുകയും തങ്ങൾക്കെതിരായ മൊഴിയിൽ നിന്നും കൂറുമാറ്റാമെന്നും പ്രതികൾ പദ്ധതി തയ്യാറാക്കുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ ഘട്ടത്തിൽ കേസ് ദുർബലപ്പെടുമെന്ന സൂചന ശക്തമായിരിക്കുന്നത്.