കാഞ്ഞങ്ങാട്: ഒന്നാം സമ്മാനം ഒരുകോടി രൂപയും ടിക്കറ്റ് വില 50 രൂപയുമാക്കി പരിഷ്കരിച്ച കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് ലോട്ടറി ഓഫികളിൽ എത്തി.
സുവർണ കേരളം’ എന്ന പേരിലുള്ള ടിക്കറ്റാണിത്.
പരിഷ്കരിച്ച ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിനാണ്. സുവർണ കേരളം’ ടിക്കറ്റിന്റെ നറുക്കെടുപ്പാണ് അന്ന് നടക്കുക. ഉച്ചയ്ക്കുശേഷം മൂന്നിനുള്ള നറുക്കെടുപ്പ് മേയ് രണ്ടുമുതല്‍ രണ്ടിനായിരിക്കും. സമ്മാന ടിക്കറ്റുകള്‍ വൻതോതില്‍ എത്തുമെന്നതിനാല്‍, അതത് ലോട്ടറി കാര്യാലയങ്ങളില്‍ കൂടുതല്‍ കംപ്യൂട്ടറുകളുള്‍പ്പെടെ എത്തിച്ചും മറ്റും സൗകര്യം കൂട്ടും.
ഇതാദ്യമായി ചെറുകിട ഏജന്റുമാർക്കായി ഏഴുലക്ഷം ടിക്കറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ശാരീരികവെല്ലുവിളി നേരിടുന്നവരും നടന്ന് വില്പന ചെയ്യുന്നവർക്കും ഉള്‍പ്പെടെ കൂടുതല്‍പ്പേർക്ക് അടുത്തകാലത്തായി ഏജൻസി നല്‍കിയിട്ടുണ്ട്. ഓരോ ലോട്ടറി കാര്യാലയത്തിലും ഇവർക്കുള്ള കരുതല്‍ എന്ന നിലയിലാണ് ടിക്കറ്റുകള്‍ മാറ്റിവയ്ക്കുന്നത്. വൻകിട ഏജന്റുമാർക്ക് നല്‍കുന്ന എണ്ണത്തില്‍ നേരിയ കുറവും വരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 1.08 കോടി ടിക്കറ്റുകളാണ് വില്‍ക്കുന്നത്. വില 50 രൂപയാക്കി ഉയർത്തിയതിനാല്‍ തത്കാലം 96 ലക്ഷം ടിക്കറ്റേ അടിക്കൂ. തികയാതെ വന്നാല്‍ എണ്ണം കൂട്ടും. ഞായറാഴ്ചത്തെ ‘അക്ഷയ’ ടിക്കറ്റിന് പകരമായെത്തുന്ന ‘സമൃദ്ധി’യുടെയും തിങ്കളാഴ്ചത്തെ ‘വിൻ വിൻ’ ടിക്കറ്റിന് പകരമായെത്തിയ ‘ഭാഗ്യധാര’യുടെയും രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. നിലവില്‍ ‘വിൻ വിൻ’ ലോട്ടറിയുടെ ഒന്നാം സമ്മാനമായിരുന്നു 75 ലക്ഷം രൂപ.
‘അക്ഷയ’ ടിക്കറ്റിന് ഒന്നാം സമ്മാനമായി നല്കിയിരുന്നത് 70 ലക്ഷം രൂപയാണ്. വ്യാഴാഴ്ചത്തെ ‘കാരുണ്യ പ്ലസ്’, ബുധനാഴ്ചത്തെ ‘ഫിഫ്റ്റി-ഫിഫ്റ്റിക്ക് പകരമായെത്തുന്ന ‘ധനലക്ഷ്മി’, ശനിയാഴ്ചത്തെ ‘കാരുണ്യ’ എന്നീ ടിക്കറ്റുകളുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും ചൊവ്വാഴ്ചത്തെ ‘സ്ത്രീശക്തി’യുടേത് 40 ലക്ഷം രൂപയുമാക്കി.
വെള്ളിയാഴ്ചത്തെ ‘നിർമല്‍’ ടിക്കറ്റിന് പകരമായെത്തുന്ന ‘സുവർണ കേരള’ത്തിന് രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. ‘സ്ത്രീശക്തി’, ‘സുവർണ കേരളം’, ‘സമൃദ്ധി’ എന്നീ ടിക്കറ്റുകള്‍ക്ക് മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും ‘ധനലക്ഷ്മി’ ടിക്കറ്റിന് മൂന്നാം സമ്മാനമായി 20 ലക്ഷം രൂപയും ലഭിക്കും. പ്രതിദിനം മൂന്നുലക്ഷം സമ്മാനങ്ങള്‍ നല്‍കിയിരുന്നിടത്ത് ഇനി ആറരലക്ഷം സമ്മാനങ്ങള്‍ വിതരണം ചെയ്യും. അവസാന സമ്മാനം നൂറ് രൂപയായിരുന്നു. അത് 50 രൂപയാക്കി.