തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് പിഞ്ചു കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുക്കാനെത്തിയ അദ്ധ്യാപികമാരെ ട്രോളിയ ട്രോളൻമാർക്ക് കേരള പൊലീസിന്റെ താക്കീത്. വിക്ടേഴ്‌സ് ചാനലിൽ വന്ന ലൈവ് വീഡിയോയ്ക്കടിയിൽ പോലും അശ്ലീല കമന്റും, കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗവും നടത്തിയവർക്കാണ് ആദ്യ ഘട്ടത്തിൽ കേരള പൊലീസി ഫ്രീയായി ഉപദേശം നൽകിയത്.
അടുത്ത ഘട്ടത്തിൽ മുതൽ ഉടനടി നടപടിയും അറസ്റ്റും ഉണ്ടാകുമെന്നും പൊലീസ് താക്കീത് നൽകുന്നു. ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ ഭാഗമായി ലൈവ് വീഡിയോയിൽ എത്തിയ അദ്ധ്യാപികമാരെയാണ് അശ്ലീല കമന്റുകളുമായി ഒരു സംഘം സ്വീകരിച്ചത്. ലൈവിൽ അശ്ലീല കമന്റ് ഇട്ടത് കൂടാതെ, അദ്ധ്യാപികമാരുടെ ശരീരഭംഗിയും, വസ്ത്രധാരണവും , വസ്ത്രത്തിന്റെ നിറവും എല്ലാം ചേർന്ന് മോശമായ കമന്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ അനൂകൂലിച്ചും എതിർത്തും വിവിധ മേഖലകളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമായി. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കു ക്ലാസ് എടുക്കാൻ എത്തിയ സായി ശ്വേത ടീച്ചർക്കു നേരെയാണ് ഏറ്റവും കൂടുതൽ മോശമായ കമന്റുകളും നെഗറ്റീവ് അഭിപ്രായങ്ങളും ഉണ്ടായത്. ഇത് തന്നെ പലരും ട്രോളുകളാക്കി പ്രചരിപ്പിക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോകുന്ന ഘട്ടത്തിലേയ്ക്ക് എത്തിയതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് ഇങ്ങനെ
ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.
കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
#keralapolice
#covid19
ഇനി അദ്ധ്യാപകരെ ട്രോളും മുൻപ് ഒന്ന് ഓർക്കുക. വീടിനു മുന്നിൽ പൊലീസ് വണ്ടി എത്തും..!