play-sharp-fill
സർക്കാർ പി.എസ്.സി സമരക്കാരെ വീണ്ടും പറ്റിച്ചു: മന്ത്രിതല ചർച്ചയ്ക്ക് വിളിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം: ഇനി ഒന്നും ചെയ്യാനാവില്ലെന്നു കൈമലർത്തി സർക്കാർ; സമരക്കാർ ഒടുവിൽ കീഴടങ്ങേണ്ടി വരും

സർക്കാർ പി.എസ്.സി സമരക്കാരെ വീണ്ടും പറ്റിച്ചു: മന്ത്രിതല ചർച്ചയ്ക്ക് വിളിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം: ഇനി ഒന്നും ചെയ്യാനാവില്ലെന്നു കൈമലർത്തി സർക്കാർ; സമരക്കാർ ഒടുവിൽ കീഴടങ്ങേണ്ടി വരും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മാസങ്ങളോളം നീണ്ടു നിന്ന സമരത്തിനൊടുവിൽ സർക്കാർ ജോലി ആഗ്രഹിച്ചിരുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ സർക്കാർ വീണ്ടും കബളിപ്പിച്ചു. സർക്കാരിന്റെ ചതിയിൽ കുടുങ്ങിയ ഉദ്യോഗാർത്ഥികൾ യാതൊരു നേട്ടവുമില്ലാതെ സമരം അവസാനിപ്പിക്കേണ്ടി വരും.

തെരഞ്ഞെടുപ്പ് പ്രചരണ ചട്ടം നിലവിൽ വന്നതിനാൽ ഇനി ഒന്നും നടക്കില്ലന്നാവും ഇനി സർക്കാർ ഉയർത്തുന്ന വാദം. ഈ സാഹചര്യത്തിൽ സമരക്കാർക്ക് തങ്ങളുടെ വാദങ്ങൾ ഒന്നും അംഗീകരിച്ച് കിട്ടാതെ കണ്ണീരുമായി വീട്ടിലേക്ക് മടങ്ങേണ്ടി വരും. തുടർ ഭരണത്തിൽ ഇടതു സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ ഒന്നും നടക്കില്ല. മറിച്ച് ഭരണ മാറ്റം ഉണ്ടായാലും ലിസ്റ്റ് നീട്ടുന്നതിനും മറ്റും കാലതാമസമുണ്ടാക്കിയ വെല്ലുവിളികളും തടസ്സമാകും. എന്തുവന്നാലും വഴങ്ങില്ലെന്ന സർക്കാരിന്റെ പിടിവാശിക്ക് തെരഞ്ഞെടുപ്പും കരുത്ത് പകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി തീരുമാനം എടുക്കാനാകില്ലെന്ന് പറഞ്ഞ് എല്ലാവരേയും സർക്കാർ മടക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വൈകിട്ടു നിലവിൽ വരുമെന്ന് ഉറപ്പായതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളോട് മന്ത്രിതല ചർച്ച നടത്താൻ സർക്കാർ തീരുമാനം. ഈ ചർച്ച കൊണ്ട് ആർക്കും ഗുണമില്ല. വോട്ടെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യം മന്ത്രി അറിയിക്കും. എല്ലാവരോടും വീട്ടിൽ പോകാനും ആവശ്യപ്പെടും. ഉദ്യോഗാർത്ഥികൾക്കും സർക്കാരിനോട് ഇനി സമ്മർദ്ദം ചെലുത്താനാകില്ല.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സർക്കാരിനു തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നിരിക്കെയാണു ചർച്ച. എൽജിഎസ് ഉദ്യോഗാർഥികളുടെ സമരം 32 ദിവസവും സിപിഒ ഉദ്യോഗാർഥികളുടേത് 20 ദിവസവും പിന്നിട്ടു. ഒരു തവണ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ ചർച്ചയ്ക്കു തയാറായില്ല. ഒരിക്കൽ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫും പിന്നീട് 2 ഉദ്യോഗസ്ഥരുമാണു ചർച്ച നടത്തിയത്. ആവശ്യങ്ങളിൽ ഉറപ്പൊന്നും ലഭിക്കാതെ വന്നതോടെ ആ ചർച്ചകൾക്കു ശേഷവും ഉദ്യോഗാർഥികൾ സമരം തുടരുകയും ചെയ്തു. ഇതിനിടെ പല പ്രതീക്ഷകളും സമരക്കാർക്കുണ്ടായി. ഓരോ മന്ത്രിസഭാ യോഗ തീരുമാനങ്ങളേയും പ്രതീക്ഷയോടെ നോക്കി. പക്ഷേ സമരക്കാരെ പിണറായി മാത്രം കണ്ടില്ല. തെരഞ്ഞെടുപ്പ് വന്നതോടെ ചർച്ചയ്ക്ക് സർക്കാർ തയ്യാറായി എന്നതാണ് വിചിത്രത.

അതിനിടെ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലികക്കാർ ജോലി ചെയ്യുന്നിടങ്ങളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യത്തിൽ നിന്നു പിന്മാറണമെന്ന് എൽജിഎസ് റാങ്ക് പട്ടികയിലുള്ളവരോട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ആവശ്യപ്പെട്ടു. എന്നാൽ അതു സാധിക്കില്ലെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ വ്യക്തമാക്കി. ഉദ്യോഗാർഥികൾ യൂത്ത് കോൺഗ്രസ് സമരത്തെ തള്ളിപ്പറയാത്തതിനെയും റഹിം വിമർശിച്ചു. യൂത്ത് കോൺഗ്രസിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇത് സമരത്തെ അധിക്ഷേപിക്കലാണെന്നാണ് സമരക്കാരുടെ വാദം.

ആറു മാസത്തിലേറെയായി താൽക്കാലികക്കാർ ജോലി ചെയ്യുന്നിടങ്ങളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിച്ച് പിഎസ്സിക്കു വിടണമെന്നതാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം. പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസുകാരും സമരത്തിലാണ്. ഇവരും സമരം തുടരും. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പ്രതിഷേധം തുറന്നു പറഞ്ഞ് രാഷ്ട്രീയമില്ലാത്തവർ വീട്ടിലേക്ക് മടങ്ങാനാണ് സാധ്യത.