59 പോലീസുദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ; ബലാത്സംഗം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളാണിവർ

59 പോലീസുദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ; ബലാത്സംഗം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളാണിവർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമനൽ കേസുകളിൽ പ്രതിയായ 59 ഉദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ. ഇവരിൽ 11 പേരെ കർശനമായും പിരിച്ചു വിടണമെന്നും ശുപാർശ ചെയ്യുന്നു. നടപടികൾ സംബന്ധിച്ച് റെയ്ഞ്ച് ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഡി.ജി.പി നിർദ്ദേശം നൽകി. ഉദയകുമാറിനെ ഉരുട്ടിക്കൊന്നവർക്ക് ഇന്ന് കോടതി ശിക്ഷ വിധിക്കുന്നതോടെ ചർച്ചയാകുന്നത് പൊലീസിലെ ക്രിമിനലുകളെ കുറിച്ചാണ്. വരാപ്പുഴ കസ്റ്റഡി മരണത്തിലെ പ്രതികളെ രക്ഷിക്കാൻ നടക്കുന്ന തത്രപാടുകളും ഗൗരവത്തോടെ തന്നെ സമൂഹം ഏറ്റെടുക്കുകയാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ഡി.ജി.പി. (ക്രൈം) അധ്യക്ഷനായ സമിതി ഡി.ജി.പി.ക്ക് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി. പൊലീസുകാർക്കെതിരേ സ്വീകരിക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച് നിയമോപദേശം തേടിയശേഷമായിരിക്കും നടപടി സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ക്രിമിനലുകളായ പൊലീസുകാരെ രക്ഷിക്കാൻ ഇപ്പോഴും ചിലർ ചരട് വലികൾ നടത്തുന്നുണ്ട്. ഇതിന് സർക്കാർ വഴങ്ങുമോ എന്നതാണ് നിർണ്ണായകം. സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിച്ചവർ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരാണ് പൊലീസിൽ ഇപ്പോഴുമുള്ളത്. എസ്ഐ. മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥരാണ് നടപടി നേരിടേണ്ടിവരുന്നതിൽ ഭൂരിഭാഗവും. ക്രിമിനൽ കേസുകളിൽ പ്രതിയായ 1,129 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് ഏപ്രിൽ മാസത്തിൽ പുറത്തുവിട്ട കണക്ക്. പത്തു ഡിവൈ.എസ്പി.മാരും എട്ട് സിഐ.മാരും എസ്ഐ., എഎസ്ഐ. റാങ്കിലുള്ള 195 ഉദ്യോഗസ്ഥരുമാണ് പട്ടികയിലുണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് മേധാവി അധ്യക്ഷനായ സമിതി ഓരോ കേസും വിശദമായി പരിശോധിച്ചു. ഇതിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 387 പേരുണ്ടെന്ന് ആദ്യം കണ്ടെത്തി. പിന്നീട് ഈ പട്ടിക വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 59 പേരുടെ പട്ടിക തയ്യാറാക്കി. പട്ടിക സമിതി ഡി.ജി.പി.ക്ക് കൈമാറുകയായിരുന്നു.