ലാത്തിയും ഏത്തവുമല്ല , പാട്ടാണ് പൊലീസിന് ആയുധം: യതീഷ് ചന്ദ്രമാർ കണ്ടു പഠിക്കുക പൊലീസിലെ ഈ പാട്ടുകാരനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വെളിയിലിറങ്ങുന്നവരെ ഏത്തമിടീപ്പിച്ച കേരളപൊലീസിന് മാതൃകയാക്കാൻ ജനങ്ങളെ വീട്ടിലിരുത്താൻ പാട്ടുപാടിയ ഛത്തീസ്ഗഡ് പൊലീസിന്റെ ഒരു കഥയുണ്ട്. കേരളത്തിൽ പുറത്തിറങ്ങുന്നവരെ വീട്ടിലെത്തിക്കാൻ ലാത്തിച്ചാർജ് അടക്കമുള്ള മാർഗങ്ങളാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. അപ്പോഴാണ് ഛത്തീസ്ഗഡ് പൊലീസിലെ അഭിനവ് ഉപാധ്യായ ലോക്ക് ഡൗൺ കാലത്ത് പാട്ടുപാടി ജനങ്ങളെ ബോധവൽകരിച്ചത്.
‘ഷോർ’ എന്ന ബോളിവുഡ് സിനിമയിലെ ‘ഏക് പ്യാർ നഗ്മ ഹേയ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ജനങ്ങളെ വീട്ടിലിരുത്താൻ അഭിനവ് കോവിഡ് ഗാനം തയാറാക്കിയത്. ബിലാസ്പുരിലെ ജനവാസ മേഖലയിൽ എത്തിയ ഇദ്ദേഹം മൈക്കിലൂടെ ഗാനം ആലപിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നമ്മൾ വീടുകളിൽ കഴിയണം… പുറത്തേക്ക് പോകരുത്… നമ്മൾ സ്വയം സംരക്ഷിക്കണം, അതോടൊപ്പം മറ്റുള്ളവരെയും… നമ്മൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകണം… , നമ്മൾ കോവിഡ് വൈറസിനെ പ്രതിരോധിക്കും…’ എന്നാണ് വരികളുടെ അർഥം.
ഫ്‌ളാറ്റുകളുടെ ബാൽക്കണിയിൽ നിന്ന് ഗാനം കേട്ടവരാകട്ടെ പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ വീഡിയോക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ കേരളത്തിൽ ജനങ്ങളെ വീട്ടിലിരുത്താൻ ഏത്തമിടീപ്പിക്കൽ അടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇവിടെയാണ് കേരള പൊലീസും ഛത്തീസ്ഗഡ് പൊലീസും വ്യത്യസ്തരാകുന്നത്. കേരള പൊലീസിന്റെ ഏത്തമിടീപ്പിക്കൽ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
സൗദി അറേബ്യയിൽനിന്ന് ബിലാസ്പുരിൽ മടങ്ങിയെത്തിയ യുവതിക്ക് വൈറസ് ബാധയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡിൽ മാത്രം ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.