ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചു; ഇടിച്ച ഇന്നോവയിൽ നിന്നും ഇറങ്ങിയോടിയത് നിരവധി കേസുകളിലെ പ്രതികൾ; അപകടത്തിൽപ്പെട്ട യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഹമ്പ് ചാടുന്നതിനിടെ നിയന്ത്രണം വിട്ട ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചു തകർന്നു. കാറിൽ നിന്നും യുവാക്കൾ ഓടിയിറങ്ങി, ഇതിനിടെ പിടിയിലായ യുവാവിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. അപകടത്തിൽ പരിക്കേറ്റ ജിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ഒൻപത് മണിയോടെ
ഏറ്റുമാനൂരിൽ – നീണ്ടൂർ റോഡിൽ കോട്ടമുറിക്കവലയ്ക്കു സമീപത്തായിരുന്നു അപകടം. നീണ്ടൂർ റോഡിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഇന്നോവ, കോട്ടമുറിക്കവലയിലെ ഹമ്പിൽ കയറുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇതിനിടെ അപകടത്തിൽപ്പെട്ട് ഇന്നോവയിലുണ്ടായിരുന്നവർ വണ്ടിയിൽ നിന്നും ഇറങ്ങിയോടി. ഇതോടെ നാട്ടുകാരും പൊലീസും ചേർന്നു പ്രതികളിൽ ഒരാളെ ഓടിച്ചിട്ടു പിടികൂടി. ഇയാളുടെ കയ്യിൽ നിന്നും പൊലീസ് സംഘം കഞ്ചാവ് പിടിച്ചെടുത്തു.

തുടർന്നു, പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെല്ലാവരും മുൻപ് എക്‌സൈസ് സംഘത്തെ ആക്രമിക്കുകയും, കോട്ടമുറിക്കോളനിയിൽ വച്ച് പൊലീസ് പെട്രോളിംങ് സംഘത്തിനു നേരെ ബോംബ് എറിയുകയും ചെയ്ത സംഘത്തിൽ ഉൾപ്പെട്ടവരാണ് എന്നു സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group