Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: ട്രെയിനിൽ യാത്രക്കാരനു നേരെ പോലീസിന്റെ ക്രൂരത. മാവേലി എക്‌സ്​പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്‌സ്​പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം.

ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ ക്രൂരമായി മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പോലീസ് ഉദ്യോഗസ്‌ഥൻ ടിക്കറ്റ് ചോദിച്ച് യാത്രക്കാരനെ മർദ്ദിച്ചത്. സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.

സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്‌.

സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എ. എസ്. ഐ കെ.വി പ്രമോദാണ് യാത്രക്കാരനെതിരെ അതിക്രമം കാണിച്ചത്. കൂടെ സി.പി. ഒ രാഗേഷെന്ന പൊലിസുകാരനുണ്ടായിരുന്നുവെങ്കിലും ഇയാൾ യാത്രക്കാരനെ തൊടാതെ മാറി നിൽക്കുകയായിരുന്നു. യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം പുറത്തേക്ക് വലിച്ചിടുകയായിരുന്നു.

ഈ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന മറ്റു യാത്രക്കാർ മർദനം നടത്തുന്നത് വിലക്കിയെങ്കിലും ഇതൊന്നും ചെവികൊള്ളാതെ എ. എസ്. ഐ മർദ്ദനമഴിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതു ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

യാത്രക്കാരനെ മർദ്ദിച്ചതിനു ശേഷം ടി.ടി. സ്ഥലത്തെത്തുകയും ഇയാളെ രാത്രിയിൽ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടാൻ കൂട്ടുനിൽക്കുകയായിരുന്നു.

എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐ ഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സാധാരണയായി ടിക്കറ്റില്ലാതെ യാത്രക്കാർക്ക് പിഴ ചുമത്തുകയോ അവരെ ട്രെയിനിൽ നിന്നും ഇറക്കി വിടുകയോ ചെയ്യുന്നത് ടി. ടി.യുടെ ചുമതലയാണ്. ടിക്കറ്റില്ലാതെ ഒരാൾ യാത്ര ചെയ്താൽ ട്രെയിൻ പുറപ്പെടുന്ന സ്ഥലത്തു നിന്നുമുള്ള ടിക്കറ്റ് നിരക്കോ 250രൂപ പിഴയീടാക്കുകയോ കേസെടുക്കുകയോയാണ് ചെയ്യാറുള്ളത്.

ഇതു മറികടന്നുകൊണ്ടാണ് പൊലിസ് ഉദ്യോഗസ്ഥന്റെ അതിക്രമം നടന്നത്. ഇന്നലെ രാത്രി കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ് പ്രസ് തലശേരിയിലെത്തിയപ്പോഴാണ് പൊലിസ് അതിക്രമം നടന്നത്. മർദ്ദിച്ച യാത്രക്കാരന്റെ പേരോ മറ്റുവിവരങ്ങളോ ടിക്കറ്റോ ചോദിക്കാതെയാണ് പൊലിസ് കൈയേറ്റം നടത്തിയതെന്നാണ് മറ്റു യാത്രക്കാർ പറയുന്നത്.