video
play-sharp-fill

സ്ഥാനക്കയറ്റം നൽകാത്തതിൽ പോലീസിൽ പ്രതിഷേധം

സ്ഥാനക്കയറ്റം നൽകാത്തതിൽ പോലീസിൽ പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്ഐമാർക്ക് സിഐമാരായി സ്ഥാനക്കയറ്റം നൽകാത്തതിൽ പോലീസിൽ പ്രതിഷേധം. ജില്ലാ സായുധ റിസർവിൽ നിന്ന് കേരള സിവിൽ പോലീസ് കേഡറിലേക്കെത്തിയ 35 എസ്ഐമാർക്കാണ് അർഹതയുണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തത്. നീതി ലഭിക്കാത്തതിനെതിരെ പ്രതിഷേധം പുകയുകയാണ് കേരള പോലീസിൽ. സംസ്ഥാനത്ത് 271 പോലീസ് സ്റ്റേഷനുകളിൽ സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്എച്ച്ഒ) നിയമിക്കാൻ സർക്കാർ തീരുമാനമുണ്ടായിരുന്നു. പരിചയക്കുറവുള്ള എസ്ഐമാർ സ്റ്റേഷൻ ചുമതല വഹിക്കുന്നതിനാലാണ് പലയിടത്തും കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്ന വിലയിരുത്തലായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. നിലവിൽ സീനിയോറിറ്റിയുള്ള എസ്ഐമാരെ സിഐമാരായി സ്ഥാനക്കയറ്റം നൽകി സ്റ്റേഷൻ ചുമതല നൽകാനായിരുന്നു ധാരണ. ഇതനുസരിച്ച് പ്രമോഷൻ നൽകുന്നതിന് ലോക്കൽ പോലീസ് എന്നറിയപ്പെടുന്ന ജനറൽ എക്സിക്യുട്ടീവ് കേഡറിൽ നിന്ന് 243 എസ്ഐമാരുടെ പട്ടിക തയാറാക്കി. ഇവർക്ക് തൃശൂർ രാമവർമപുരത്തെ പോലീസ് അക്കാദമിയിൽ പരിശീലനത്തിന് സൗകര്യമൊരുക്കാൻ സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം നിർദേശവും നൽകി. എന്നാൽ 271 ഒഴിവുകളുണ്ടായിട്ടും കേരള സിവിൽ പോലീസ് കേഡറിലെ 35 എസ്ഐമാരെ ആഭ്യന്തര വകുപ്പ് അവഗണിക്കുകയായിരുന്നു.