ഗോവൻ ചലച്ചിത്രമേള റിപ്പോര്‍ട്ടു ചെയ്തു മടങ്ങിയ മാധ്യമപ്രവർത്തകൻ സോണി എം ഭട്ടതിരിപ്പാട് എവിടെ…? കളിച്ചുകൊണ്ടിരുന്ന മൂന്നാംക്ലാസുകാരൻ രാഹുലിനെ കാണാതായിട്ട് 19 വര്‍ഷം; മക്കള്‍ക്ക് ഭക്ഷണം വാങ്ങാൻ താഴത്തങ്ങാടിയില്‍ നിന്ന് പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവര്‍ഷം; ജസ്നയുടെ തിരോധാനം ഒറ്റപ്പെട്ടതല്ലെന്ന് വിധിയെഴുത്തുമ്പോൾ ഇവരൊക്കെ എങ്ങോട്ടാണ് പോവുന്നത്? ഇനിയും ആരൊക്കെ…?

Spread the love

കോഴിക്കോട്: നാലുവര്‍ഷം മുൻപ് കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനക്കേസ് സിബിഐ താല്‍കാലികമായി അവസാനിപ്പിച്ചതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കയാണ്.

ജെസ്‌നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടരന്വേഷണം ആകാമെന്നും തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുമ്പോഴും ഇതിനു തെളിവ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല.

ജെസ്‌ന ബസ് കയറി എന്ന് പറയപ്പെടുന്ന സ്റ്റോപ്പിനടുത്തുള്ള കടയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് ലോക്കല്‍ പൊലീസില്‍ നിന്ന് ലഭിച്ചത്. ജെസ്‌നയെ കാണാതായെന്ന പരാതി ലഭിച്ച്‌, 48 മണിക്കൂറിനുള്ളില്‍ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസ്ന കേസിനെ അപൂര്‍വവും ഒറ്റപ്പെട്ടതുമെന്നാണ് കേരളീയ മാധ്യമങ്ങളും പൊലീസും വിലയിരുത്തുന്നത്. എന്നാല്‍ സമാനമായ മൂന്ന് കേസുകളിലെങ്കിലും ഇതുപോലെ തുമ്പും വാലും കിട്ടിയിട്ടില്ല. അതില്‍ ഒന്ന് ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെത് തന്നെയാണ്. എന്നിട്ടും ആ കാണാതാവലിന് കാര്യമായ മാധ്യമ ശ്രദ്ധ കിട്ടിയിട്ടില്ല.

സോണി എം ഭട്ടതിരിപ്പാട് എവിടെ?

ചാനലുകളില്‍ കത്തിനില്‍ക്കുന്ന ഒരു അവതാരകനെ ഒരു സുപ്രഭാതത്തില്‍ കാണാതായാല്‍ എന്തുസംഭവിക്കും. അതാണ് ഇന്ത്യാവിഷന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ആയിരുന്ന സോണി എം ഭട്ടതിരിപ്പാടിന് സംഭവിച്ചത്. 2008 ഡിസംബറില്‍ ഗോവൻ ചലച്ചിത്രമേള റിപ്പോര്‍ട്ടുചെയ്തു മടങ്ങിയ ഇദ്ദേഹം, അപ്രത്യക്ഷനായി. ട്രെയിനിലുള്ള മടക്കയാത്രക്കിടയില്‍ കാസര്‍ഗോഡിനും നീലേശ്വരത്തിനുമിടയ്ക്ക് വച്ചാണ് ഭാര്യാപിതാവു മൊന്നിച്ചു യാത്ര ചെയ്തിരുന്ന സോണിയെ കാണാതാകുന്നത്. 16 വര്‍ഷമായിട്ടും യാതൊരു വിവരവുമല്ല.

കളിച്ചുകൊണ്ടിരുന്ന രാഹുല്‍

നിന്ന നില്‍പ്പില്‍ ഒരു കുട്ടിയെ കാണാതായിട്ട് ഇത് 19 വര്‍ഷമായി. 2005 മെയ് 18നാണ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല.

മുത്തച്ഛൻ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ലാണ് എറണാകുളം സി.ജെ.എം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൂടെ കളിച്ചുകൊണ്ടിരുന്ന’ അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. 25 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഫലം ഉണ്ടായില്ല. തെളിവില്ലെന്നു പറഞ്ഞ് സിബിഐ. കേസ് അടച്ചുപൂട്ടി.

ഹാഷിം-ഹബീബ ദമ്പതികള്‍

അതുപോലെ നിന്ന നില്‍പ്പില്‍ കണാതായവര്‍ ആണ് കോട്ടയം ദമ്പതികളും. കോട്ടയം താഴത്തങ്ങാടിയില്‍നിന്ന് ഒരു ഹര്‍ത്താല്‍ ദിവസം 2017 ഏപ്രില്‍ ആറിന് രാത്രി കുട്ടികള്‍ക്കു ഭക്ഷണം വാങ്ങാൻ, രജിസ്ട്രേഷൻ നമ്പര്‍ കിട്ടാത്ത പുത്തൻ കാറില്‍ പുറത്തേക്കുപോയ ദമ്പതിമാരായ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പിന്നീട് ആരും കണ്ടിട്ടില്ല. മൊബൈല്‍, എടിഎം ഒന്നുമെടുത്തിരുന്നില്ല. കോട്ടയത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലെന്ന് പൊലീസ് ഉറപ്പുപറയുന്ന രണ്ടുപേര്‍, ഒപ്പം ഒരു കാറും. എവിടെ മറഞ്ഞു. ആര്‍ക്കും ഇന്നും അറിയില്ല. കുറെ അഭ്യൂഹങ്ങള്‍ അല്ലാതെ.