മനീതിയുടെ രണ്ടാം സംഘം കോട്ടയത്തെത്തി: എത്തിയത് കേരള കോ ഓർഡിനേറ്റർ അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘം: പൊലീസിന്റെ കണ്ണ് വെട്ടിച്ച് എട്ടംഗ സംഘം മലബാർ എക്സ്പ്രസിൽ എത്തി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല ദർശനത്തിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മനീതി സംഘത്തിലെ കൂടുതൽ വനിതാ പ്രവർത്തകർ ശബരിമലയിലേയ്ക്ക്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ മലബാർ എക്സ്പ്രസിലും ചെന്നെ മെയിലുമായി എത്തിയ പ്രവർത്തകർ പൊൻകുന്നത്തേയ്ക്ക് തിരിച്ചു. അയ്യപ്പൻമാരുടെ വേഷത്തിലല്ലാതെ സാധാരണ വേഷത്തിൽ എത്തിയ ഇവരെ പൊലീസിനു തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് ഇവർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് യാത്ര തിരിക്കുകയായിരുന്നു. മനീതിയുടെ കേരള കോ ഓർഡിനേറ്റർ അമ്മിണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊൻകുന്നത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മലബാർ എക്സ്പ്രസിലും ചെന്നെ മെയിലിലും എത്തിയ സംഘം പൊൻകുന്നത്ത് എത്തി അമ്മിണിയുടെ സംഘത്തിനൊപ്പം ചേരും. തുടർന്ന് ഇവർ എരുമേലി വഴി ശബരിമലയിൽ എത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ചെന്നൈ മെയിലിൽ മനീതിയുടെ ഒരു സംഘം എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചെ നാല് മണി മുതൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , സി ഐമാരായ നിർമ്മൽ ബോസ് , ടി.ആർ ജിജു , എസ് ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. പുലർച്ചെ നാല് മണി മുതൽ തന്നെ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഇതിനിടെ പുലർച്ചെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ഒരു സംഘം മനീതി പ്രവർത്തകർ എത്തുകയായിരുന്നു. ചെറു സംഘങ്ങളായി പൊലീസിന്റെ കണ്ണ് വെട്ടിച്ച് സാധാരണ വേഷത്തിലാണ് ഇവർ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും സ്വകാര്യ വാഹനത്തിൽ പൊൻകുന്നത്തേയ്ക്ക് പോകുകയായിരുന്നു. ചെന്നൈ മെയിൽ , മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് സംഘം എത്തിയത്. എറണാകുളത്ത് നിന്ന് റോഡ് മാർഗം എത്തുന്ന സംഘം പൊൻകുന്നത്ത് എത്തി അമ്മിണിയുടെ സംഘത്തോടൊപ്പം ചേരും. തുടർന്ന് ഇവിടെ നിന്ന് ശബരിമലയിലേയ്ക്ക് പോകുന്നതിനാണ് പദ്ധതി.
ചെന്നൈ മെയിൽ, മലബാർ എക്സ്പ്രസ് , കാക്കി നട എക്സ്പ്രസ് എന്നി ട്രെയിനുകളിൽ പൊലീസ് പരിശോധന നടത്തി.