
കേരളത്തില്‍ വ്യാജനോട്ടുകള്‍ വ്യാപകമാകുന്നു; കെണിയിൽ വീഴുന്നത് ലോട്ടറി വില്‍ക്കുന്നവരും പെട്ടിക്കട നടത്തുന്നവരും; കറുകച്ചാലിലും എരുമേലിയിലും തട്ടിപ്പിനിരയായത് പ്രായമായവർ; തട്ടിപ്പ് വ്യാപകമായിട്ടും ഇരുട്ടില്‍ത്തപ്പി പൊലീസ്….!
സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ വ്യാജ കറന്‍സി തട്ടിപ്പ് വ്യാപകമായിട്ടും ഇരുട്ടില്‍ത്തപ്പി പൊലീസ്.
കടകളിലെത്തി സാധനങ്ങള്‍ വാങ്ങുമ്പോഴും ലോട്ടറി ടിക്കറ്റെടുക്കുമ്പോഴും വ്യാജ നോട്ട് നല്‍കി പണം തട്ടുന്ന സംഘമാണ് സജീവമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കറുകച്ചാല്‍ നെടുംകുന്നം നൂറോമ്മാവ് റോഡ് കന്നാലിപ്പടിയില്‍ കുഞ്ഞുകുട്ടന്റെ കടയില്‍ ബൈക്കിലെത്തിയ യുവാവ് 4000 രൂപ കബളിപ്പിച്ച് കൊണ്ടുപോയി. ചില്‍ഡ്രന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയില്‍ നല്‍കിയത്.
പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരന്‍ നാല് 500 രൂപ നോട്ടുകള്‍ നല്‍കി കുഞ്ഞുകുട്ടനില്‍ നിന്ന് 2000 രൂപ വാങ്ങി. ഇതുമായി ലോട്ടറി കച്ചവടക്കാരന്‍ റേഷന്‍കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഒരാഴ്ച മുൻപ് എരുമേലി കുറുവാമൂഴിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന മുണ്ടക്കയം സ്വദേശിനിയായ വൃദ്ധയുടെ കൈയില്‍ നിന്ന് 100 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി രണ്ടായിരത്തിന്റെ രണ്ട് നോട്ടുകള്‍ നല്‍കി സമാന രീതിയില്‍ കബളിപ്പിച്ചിരുന്നു.
രണ്ടു കേസിലും പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
പ്രായമായവരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കൂടുതലും ലോട്ടറി വില്‍ക്കുന്നവരും പെട്ടിക്കട നടത്തുന്നവരും. വ്യാജ നോട്ടുകള്‍ ഇവര്‍ക്ക് പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെന്നത് തട്ടിപ്പുകാര്‍ മുതലെടുക്കുന്നു.
ഈ മാസമാദ്യം മനക്കര സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്റെ കൈയില്‍ നിന്ന് ടിക്കറ്റെടുത്ത യുവാവ് 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി കബളിപ്പിച്ചിരുന്നു. പരാതികളേറിയിട്ടും ആരെയും പിടികൂടാനകാത്തത് പൊലീസിനും നാണക്കേടാകുകയാണ്.