play-sharp-fill
ആനയെ പീഡിപ്പിച്ചാൽ പാപ്പാന്മാർ അകത്താകും: ഇരുമ്പ് തോട്ടിയ്ക്ക് കുത്തിയാൽ പിഴ പിന്നാലെ വരും: ആന ആളെ കൊന്നാൽ ആനയ്ക്കും പാപ്പാനും വിലക്ക്: നാട്ടാന പരിപാലന ചട്ടത്തിൽ വമ്പൻ മാറ്റങ്ങൾ വരുന്നു

ആനയെ പീഡിപ്പിച്ചാൽ പാപ്പാന്മാർ അകത്താകും: ഇരുമ്പ് തോട്ടിയ്ക്ക് കുത്തിയാൽ പിഴ പിന്നാലെ വരും: ആന ആളെ കൊന്നാൽ ആനയ്ക്കും പാപ്പാനും വിലക്ക്: നാട്ടാന പരിപാലന ചട്ടത്തിൽ വമ്പൻ മാറ്റങ്ങൾ വരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആനയെ പീഡിപ്പിക്കുന്ന പാപ്പാന്മാരെ അകത്താക്കി കർശന നടപടിയെടുക്കാനുള്ള നിയമങ്ങളുമായി നാട്ടാന പരിപാലന ചട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ആനയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന തോട്ടിയ്ക്ക് മുതൽ തുടങ്ങുന്ന നിയന്ത്രണങ്ങൾ പാപ്പാന്മാരുടെയും ആനയുടെയും വിലക്ക് മുതൽ ജയിൽവാസം വരെ കാര്യങ്ങൾ കൊണ്ട് എത്തിക്കുന്നു. ചങ്ങലയിട്ട് നടത്തിയാൽ മാത്രം പോര ആനയെ മാന്യമായി പരിപാലിക്കണമെന കർശന നിർദേശം നൽകുന്നതാണ് പുതിയ ചട്ടം.  കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് നാട്ടാന പരിപാലന ചട്ടം പരിഷ്‌കരിക്കുന്നത്. കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചട്ടത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇതിനെതിരെ ആന ഉടമകളും പാപ്പാന്മാരും രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ആനയെ ജോലിയെടുപ്പിക്കുന്ന അത്ര തന്നെ സമയം അതിന് വിശ്രമം അനുവദിക്കണമെന്നാണ് കരട് നിയമത്തിലെ ശുപാര്‍ശ. ജോലിയെടുപ്പിക്കുന്നതില്‍ ആനയുടെ യാത്രാസമയവും ഉള്‍പ്പെടും. ആ സമയവും കൂടി ചേര്‍ത്ത് വേണം ആനയ്ക്ക് വിശ്രമ സമയം അനുവദിക്കാന്‍.

എഴുന്നള്ളിപ്പുള്‍പ്പെടെ ആനയെ ആറ് മണിക്കൂര്‍ ജോലിയെടുപ്പിച്ചാല്‍ ആറ് മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കിയാണ് പുതിയ കരട് നിയമം. ഒരാനക്ക് 1.2 ഏക്കര്‍ സ്ഥലമെങ്കിലും വിശ്രമിക്കാന്‍ അനുവദിക്കണം. നേരത്തെ വലുപ്പം അനുസരിച്ച്‌ തൊഴുത്തിന്റെ വിസ്താരം വര്‍ദ്ധിപ്പിക്കാനുള്ള നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുസരണ പഠിപ്പിക്കാനായി ലോഹം കൊണ്ടുള്ള തോട്ടികളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇനി വിലക്കും. 2010 ലെ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ കേരള വനം വകുപ്പ് 2015 ല്‍ ആനകളെ നിയന്ത്രിക്കാന്‍ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത്യാവശ്യമെങ്കില്‍ മരം കൊണ്ടുള്ള തോട്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നായിരുന്നു വ്യവസ്ഥ. പക്ഷേ കേരളത്തില്‍ ഇതൊന്നും ആരും പാലിക്കാറില്ല. ഈ സാഹചര്യത്തിലാണ് കര്‍ക്കശമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ നിയമം പാസാക്കുന്നത്.

മനുഷ്യരെ കൊല്ലുകയോ ആള്‍ക്കാരുടെ വസ്തുവകകള്‍ നശിപ്പിക്കുകയൊ ചെയ്യുന്ന ആനകളെ ആറു മാസത്തേക്ക് വിലക്കും ഇത് പ്രകാരം ഈ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുവരാന്‍ സാധിക്കില്ല. നിലവില്‍ ഇത് 15 ദിവസമാണ്. അനുസരണ പഠിപ്പിക്കാന്‍ തോട്ടി, വളഞ്ഞ ലോഹായുധങ്ങള്‍ മുതലായവ ഉപയോഗിക്കുന്ന പാപ്പാന്മാര്‍ക്ക് ആദ്യം 10,000 രൂപയും പിന്നീട് 20,000വും അതിനു ശേഷം വീണ്ടും ആനയെ പീഡിപ്പിച്ചാല്‍ ആറു മാസത്തെ തടവ് ശിക്ഷയും ലഭിക്കും.

പുതിയ പാപ്പാന്‍ ചുമതലയേറ്റാല്‍ ആനയെ ആറ് മാസത്തേക്ക് ഒരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ സാധിക്കില്ല. ആനയെ സംബന്ധിച്ച മുഴുവന്‍ രജിസ്റ്ററുകളും പാപ്പാന്‍ കൈവശം വെക്കണം. അത് ആര്‍ക്കും പരിശോധിക്കാം. ആനകളുടെ ജില്ലാ മാറ്റത്തിന് പ്രത്യേക അനുമതി പത്രവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ അനധികൃതമായി ആനകളെ ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യേക ഉദ്യോഗസ്ഥനുണ്ടാകും. ആനയെ മറ്റൊരാള്‍ക്ക് കൈമാറിയാല്‍ ആനയെ പിടിച്ചെടുത്ത് സര്‍ക്കാറിന്റെ സ്വത്താക്കനും ആനയെ കൈമാറുന്നവര്‍ പിന്നീട് കൈവശം വെക്കുന്നത് തടയാനും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ആക്രമണ സ്വഭാവമുള്ള ആനകളെ കുഴപ്പക്കാരായ ആനകള്‍ എന്ന പുതിയ ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.