കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജോസഫിൽ ലയിക്കില്ല: ലയനസാധ്യത തള്ളി അനൂപ് ജേക്കബ്; പാർട്ടി പിളർപ്പിലേയ്ക്ക് എന്നു സൂചന
ജി.കെ വിവേക്
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് – ജേക്കബ് വിഭാഗങ്ങൾ തമ്മിലുള്ള ലയനസാധ്യത പൂർണമായും തള്ളി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ലീഡർ അനൂപ് ജേക്കബിന്റെ പത്രസമ്മേളനം. ശനിയാഴ്ച കോട്ടയത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് അനൂപ് ജേക്കബ് നിലപാട് പ്രഖ്യാപിച്ചത്. ഇതോടെ 21 ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ വിളിച്ചു ചേർക്കുന്ന യോഗം നിർണ്ണായകമായി. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ പാർട്ടി ചെയർമാൻ ജോണി നെല്ലൂർ പങ്കെടുത്തില്ല.
പാർട്ടി ജോസഫ് വിഭാഗവുമായി ലയിക്കേണ്ടെന്നാണ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനമെന്ന് അനൂപ് ജേക്കബ് പത്രസമ്മേളനത്തിൽ അറിയിച്ചു. ലയനം വേണ്ടെന്നാണ് പാർട്ടിയുടെ ഒറ്റക്കെട്ടായുള്ള തീരുമാനം. ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകും. പിളരാൻ പാർട്ടിയെ അനുവദിക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് സജ്ജരാകേണ്ട സമയമാണ് ഇത്. ഈ സമയത്ത് പാർട്ടിയിൽ മറ്റൊന്നും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇപ്പോൾ ആലോചിക്കുന്നത്. മറ്റുള്ള പ്രചാരണം എല്ലാം തള്ളിക്കളയുകയാണ്. പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനാണ് ശ്രമിക്കുന്നത്. മാർച്ച് 21 ന് ചേരുന്നത് സംസ്ഥാന സമിതി യോഗമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനം അനുസരിച്ചാണ് പാർട്ടിയിൽ ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ഇത് അനുസരിച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നതെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.
ഉന്നതാധികാര സമിതി യോഗത്തിൽ 11 ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തിട്ടുണ്ട്. ജനറൽ സെക്രട്ടറിമാരും, വൈസ് പ്രസിഡന്റുമാരും, ട്രഷററും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ, കാസർകോട്, പാലക്കാട് , എറണാകുളം ജില്ലാ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തിട്ടില്ല. മാർച്ച് 21 ന് നടക്കുന്ന യോഗത്തിൽ പാർട്ടി ചെയർമാൻ ജോണി നെല്ലൂരും പങ്കെടുക്കും. ഉന്നതാധികാര സമിതി യോഗത്തിൽ യാതൊരു വിധ വിഭാഗീയ ചർച്ചകളും നടന്നിട്ടില്ല. ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നതുമില്ലെന്നും അനൂപ് വ്യക്തമാക്കി.
മാണി ഗ്രൂപ്പുമായി ലയിക്കുന്നതിനുള്ള യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ല. സ്വകാര്യ സംഭാഷണങ്ങൾ പാർട്ടിയുടെ ഔദ്യോഗിക ചർച്ചയായി വരില്ല. ചെയർമാന്റെ അഭാവത്തിൽ വർക്കിംങ് ചെയർമാന്റെ അദ്ധ്യക്ഷതയിലാണ് ഇന്ന് ഉന്നതാധികാര സമിതി യോഗം ചേർന്നിരിക്കുന്നത്. 21 ന് പാർട്ടിയുടെ ഒരു യോഗം മാത്രമേ ഉണ്ടാകൂ. പാർട്ടി നിർജീവമാകരുതെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് മാർച്ച് ആറിന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തുമെന്നും അനൂപ് ജേക്കബ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം വിശദീകരിച്ചു പ്രഖ്യാപിച്ചു.