ഗണേഷ് കുമാറിനെ മന്ത്രി ആക്കാൻ പതിനെട്ടടവും പയറ്റി ബാലകൃഷ്ണപിള്ള; സ്‌കറിയ തോമസ് വിഭാഗം കേരള കോൺഗ്രസ് ബിയിൽ ലയിക്കുന്നു
ശ്രീകുമാർ
തിരുവനന്തപുരം: മകനെ മന്ത്രി ആക്കുന്നതിനായി പതിനെട്ടാമത്തെ അടവും പയറ്റികൊണ്ട് ബാലകൃഷ്ണപിള്ള സ്‌കറിയ തോമസിന്റെ പാർട്ടിയെ കേരള കോൺഗ്രസ് (ബി)ൽ ലയിപ്പിക്കുന്നു. ഇടതുമുന്നണി പ്രവേശനം മുന്നിൽ കണ്ടാണ് ലയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്‌കറിയ തോമസും ബാലകൃഷ്ണ പിള്ളയും കൊല്ലത്ത് ചർച്ച നടത്തിയിരുന്നു. ലയനം സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലത്തെ സി.പി.എം. സെക്രട്ടറിയേറ്റിൽ മുന്നണി വിപുലീകരിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. ഇതിൽ കണ്ണുവെച്ചാണ് അടിയന്തിരമായി ഇരു പാർട്ടികളും ലയിക്കാൻ ധാരണയായത്. ഇടതുമുന്നണി പ്രവേശനം സാധ്യമാകുന്നതോടെ എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ്സുകൾ ഇല്ലാ എന്ന പ്രശ്നത്തിനും പരിഹാരമാകും. സ്‌കറിയാ തോമസിന് ക്നാനായ സമുദായവുമായുള്ള അടുത്ത ബന്ധവും ബാലകൃഷ്ണപിള്ളയുടെ എൻ.എസ്.എസ് ബന്ധവും എൽ.ഡി.എഫിന് ഗുണം ചെയ്യും. എന്നാൽ ഗണേഷ് കുമാറിനോട് സി.പി.എമ്മിലെ ബഹുഭൂരിപക്ഷത്തിനുമുള്ള താല്പര്യക്കുറവ് തിരിച്ചടിയാകും.