മൂന്നടിച്ച് മൂന്നാം സ്ഥാനത്തേക്ക്….! സ്വന്തം ഗ്രൗണ്ടില്‍ ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്; വിജയകുതിപ്പ് തുടര്‍ന്ന് മഞ്ഞപ്പട
സ്വന്തം ലേഖിക
കൊച്ചി: സ്വന്തം ഗ്രൗണ്ടില്‍ ജംഷഡ്പൂരിനെ തോല്പിച്ച് ബ്ലാസ്റ്റേഴ്സിന് വമ്പന്‍ ജയം.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്പിച്ചത്.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. ചെന്നൈയിന് എഫ്.സിയുമായിട്ടായിരുന്നു സമനില.
ബ്ലാസ്റ്റേഴ്സിനായി അപ്പോസ്തലസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഡാനിയേല്‍ ചിമ ചൗകുവാണ് ജംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ നേടിയത്.
മികച്ച ഫോമില്‍ നില്ക്കുന്ന ബ്ലാസ്റ്റേഴ്സിന് എത്രയെണ്ണം കൊടുത്ത് ജയിക്കാനാവും എന്നായിരുന്നു മത്സരം തുടങ്ങുംമുൻപേ ആരാധകര്‍ കണക്ക് കൂട്ടിയിരുന്നത്. കാരണം ബ്ലാസ്റ്റേഴ്സ് മിന്നുംഫോമിലും എതിരാളികള്‍ തകര്‍ച്ചയിലും.
പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഒന്നില്‍ മാത്രമാണ് ജംഷഡ്പൂരിന് ജയിക്കാനായിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത് തന്നെ. കളി തുടങ്ങി ഒൻപതാം മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ നിറയൊഴിച്ചു.
അപ്പോസ്തലോസ് ജിയാനു ആയിരുന്നു ഗോള്‍ നേടിയത്.
ജിയാനുവിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഇടം കാല് ഷോട്ട് ജാംഷഡ്പൂര്‍ വലയിലെത്തുകയായിരുന്നു. 17ാം മിനുറ്റില്‍ ചിമ ചൗകു ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ട് ഗോള്‍ നേടിയതോടെ മത്സരം സമനിലയില്‍. റീബൗണ്ടായി വന്ന പന്താണ് ചൗകു ഗോളിലേക്ക് തിരിച്ചുവിട്ടത്.
എന്നാല്‍ 31ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡയമന്റകോസ് ഗോളാക്കിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നില്‍. 65ാം മിനുറ്റില്‍ ലൂണ കൂടി ഗോള്‍ നേടിയതോടെ ജംഷഡ്പൂര്‍ പതനം പൂര്‍ത്തിയായി.
30 പോയിന്റുള്ള മുംബൈ സിറ്റി എഫ്.സിയാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. 28 പോയിന്റുമായി ഹൈദരാബാദ് എഫ്.സി രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റായി. ആദ്യ മത്സരം ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തോറ്റു. തുടര്‍ന്നാണ് ടീമിന്റെ അപരാജിത കുതിപ്പ്.
ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.