ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിന് ശ്രമം: വെൽഫെയർപാർട്ടി നേതാവ് അറസ്റ്റിലായി; അന്വേഷണം പായിപ്പാട്ടേയ്ക്കും

ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിന് ശ്രമം: വെൽഫെയർപാർട്ടി നേതാവ് അറസ്റ്റിലായി; അന്വേഷണം പായിപ്പാട്ടേയ്ക്കും

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ച കേസിൽ വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റായി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ചതിനു പിന്നിലും ഇയാളുടെ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച ആളെയാണ് പൊലീസ് പിടികൂടിയത്. ഹരിപ്പാട്ടെ മാർജിൻഫ്രീ ഷോപ്പ് ഉടമയായ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആറാട്ടുപുഴ നാസറിനെ(നസറുദീൻ – 57)യാണ് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഞായറാഴ്ചയാണ് ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സംഭവത്തിൽ പിന്നിൽ ഗൂഡാലോചനയുണ്ടെന്നു മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചിരുന്നു. ഒന്നിലധികം സംഘടനകൾ പ്രശ്‌നത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കേരളത്തെ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നവരാണ് ഈ സംഘടനകൾക്കു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെൽഫെയർ പാർട്ടിയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റായ ആറാട്ടുപുഴ നാസറിനെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കാർത്തിക പള്ളി മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ഇയാൾ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ, പായിപ്പാട് സംഭവത്തിനു പിന്നിലെ ഇയാളുടെ പങ്ക് ഇനിയും കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല.