വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

കുമരകം: ആലപ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്കു മറിഞ്ഞു. അപകടമുണ്ടായപ്പോൾ, വിനോദ സഞ്ചാരികൾ ഹൗസ് ബോട്ടിലായതിനാൽ ഒഴിവായത് വൻ ദുരന്തം. ഡ്രൈവർമാത്രമേ അപകട സമയത്ത് കാറിനുള്ളിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു
കൈപ്പുഴ മുട്ട് ആറ്റിൽ വീണ കാറിൽ നിന്നും ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. 26 നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. വേമ്പനാട്ടുകായലിലെ ബോട്ടു യാത്രക്കു ശേഷം തിരികെ മടങ്ങുന്നതിനായി ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു സംഘം. ഇവരെ കയറ്റുന്നതിനായി കാറുമായി വരികയായിരുന്നു ഡ്രൈവർ. കാർ ബോട്ടിനു സമീപത്തേയ്ക്കു കൊണ്ടു വരുന്നതിനിടെ കൈപ്പുഴമുട്ടു കായൽചിറ റോഡിൽ അംഗനവാടിക്കു സമീപമുള്ള കലുങ്കിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവിരി തകർത്ത് ആഴം കൂട്ടിയ ആറ്റിലേക്കു കാർ മറിഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ കാറിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവറെ സാഹസികമായി രക്ഷപെടുത്തി.