കട്ടപ്പനയിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ  പൊലീസ്; ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാൻ പറഞ്ഞ് മടങ്ങി

കട്ടപ്പനയിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ പൊലീസ്; ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാൻ പറഞ്ഞ് മടങ്ങി

ഇടുക്കി: പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ പൊലീസ് സംഘം.

കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കാഞ്ചിയാര്‍ ചൂരക്കാട്ട് ജിബിൻ ബിജു (21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടെ പൊലീസ് ജീപ്പ് എത്തി. ആശുപത്രിയില്‍ എതതിക്കാനായി യുവാക്കളെ ജീപ്പിനടുത്തേക്ക് കൊണ്ടുവന്നെങ്കിലും കയറ്റാൻ പൊലീസുകാര്‍ സമ്മതിച്ചില്ല.

ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാൻ പറഞ്ഞ ശേഷം പൊലീസ് ജീപ്പ് പോയി,. നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു പൊലീസുകാര്‍. രണ്ടു പൊലീസുകാരാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം.

പരിക്കേറ്റ യുവാക്കളെ പിന്നീട് അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി അടുത്ത ദിവസം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ പറഞ്ഞു.