
സ്വന്തം ലേഖിക
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടിആര്‍ രാജനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷന് രണ്ട് അക്കൗണ്ടുകള്‍ ഈ ബാങ്കിലുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയതിനാലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലനില്‍ക്കെയാണ് ഇഡിയുടെ അടുത്ത നടപടി. അരവിന്ദാക്ഷന്റെ അമ്മയായ ചന്ദ്രമതിക്ക് പകരം മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ഇഡി കോടതിയില്‍ നല്‍കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വത്തുവിവരങ്ങള്‍ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്‍റെ പ്രതിനിധികള്‍ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. എംകെ കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എംകെ കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ വഴി രേഖകള്‍ ഇഡിക്ക് കൈമാറിയത്.
ആദായ നികുതി രേഖകള്‍, സ്വയാര്‍ജിത സ്വത്തുക്കള്‍, കുടുംബാഗങ്ങളുടെ ആസ്തി വകകള്‍ എന്നിവയെല്ലാം അറിയിക്കാനായിരുന്നു ഇഡിയുടെ നിര്‍ദേശം. മുൻപ് രണ്ട് തവണ എംകെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രേഖകള്‍ കൊണ്ടുവന്നിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ മൂന്നാമത്തെ നോട്ടീസിലാണ് രേഖകള്‍ എത്തിച്ചത്. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.









